Saturday, October 5, 2013

"ഹൈപ്പര്‍ തൈറോയ്ഡിസം" - ഡോ. ആര്‍ വി ജയകുമാര്‍, എഐഎംഎസ്



Courtesy : Deshabhimani : Posted on: 03-Oct-2013 10:02 AM

കഴുത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന തൈറോയ്ഡ് ഗ്രന്ഥിയില്‍നിന്നു സ്രവിക്കുന്ന രണ്ട് പ്രധാന ഹോര്‍മോണുകളാണ് തൈറോക്സിന്‍ അഥവാ ഠ4, ട്രൈ അയഡോ തൈറോക്സിന്‍ അഥവാ ഠ3. ശരീരത്തിന്റെ സകലവിധ ഉപാപചയ പ്രവൃത്തികളും നിയന്ത്രിക്കുന്നതിന്, ഈ ഹോര്‍മോണുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. ഒരു ശിശുവിന്റെ ഗര്‍ഭപാത്രത്തില്‍ തുടങ്ങുന്ന വളര്‍ച്ചയുടെ ആരംഭംമുതല്‍, വയസ്സായി മരിക്കുന്നതുവരെ ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം, ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. എന്നാല്‍ ഈ ഹോര്‍മോണ്‍ അമിതമായി ശരീരത്തില്‍ പ്രവര്‍ത്തിച്ചാല്‍ ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗമാകും. ഈ രോഗം സമയത്ത് കണ്ടുപിടിച്ചു ചികിത്സിച്ചാല്‍, ആരോഗ്യം പൂര്‍ണമായി തിരിച്ചുകിട്ടും. അതേസമയം രോഗം യഥാസമയം കണ്ടെത്താതെ മൂര്‍ച്ഛിച്ചാല്‍ ജീവഹാനിവരെ സംഭവിക്കാം.

രോഗം ഉണ്ടാകാനുള്ള കാരണങ്ങള്‍

ഈ രോഗം ഉണ്ടാകുന്നത് പലതരം കാരണംകൊണ്ടാണ്. ഏറ്റവും കൂടുതലായി ഇതു വരുന്നത് "ഗ്രേവ്സ് ഡിസീസ്" കൊണ്ടാണ്. ശരീരത്തിന്റെ പ്രതിരോധശക്തി കാത്തുസൂക്ഷിക്കുന്ന കോശങ്ങളുടെ നിയന്ത്രണം താളംതെറ്റുന്ന ഓട്ടോ ഇമ്യൂണ്‍ രോഗത്തില്‍പ്പെട്ടതാണ്. പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ടിഎസ്എച്ച് റിസപ്റ്റര്‍ (ഠടഒ) എന്ന കോശങ്ങള്‍ കൂടുതലായി പ്രവര്‍ത്തിച്ച് അധികമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ തുടങ്ങും. ഇതുകാരണം ശരീരത്തിന്റെ എല്ലാ അവയവങ്ങളും കൂടുതലായി പ്രവര്‍ത്തിച്ച് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗം ഉണ്ടാകും. ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലുള്ള മുഴകള്‍ ചില സമയം കൂടുതല്‍ പ്രവര്‍ത്തനം തുടങ്ങിയാലും, ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാം. ഇതിനെ ടോക്സിക് നോഡുലാര്‍ ഗോയിറ്റര്‍ എന്നു പറയുന്നു. ഇവയെല്ലാം കൂടാതെ ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകാനുള്ള വേറൊരു കാരണം, അമിതമായി ആവശ്യമില്ലാതെയുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ കഴിക്കുന്നതുകൊണ്ടാവാം. ഇത് ചിലപ്പോള്‍ ചികിത്സയിലെ ഭാഗമാകാം. അല്ലെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ വണ്ണം കുറയ്ക്കാന്‍വേണ്ടിയുള്ള ദുരുപയോഗംകൊണ്ടാകാം.

രോഗലക്ഷണങ്ങള്‍

ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ എല്ലാ അവയവങ്ങളും അധികമായി പ്രവര്‍ത്തിക്കുന്നു. ഹൃദയത്തിന്റെ അമിതമായ പ്രവര്‍ത്തനംമൂലം നെഞ്ചിടിപ്പും ശ്വാസംമുട്ടലും ഉണ്ടാകും. തലച്ചോറില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ അധികം പ്രവര്‍ത്തനംമൂലം ഉറക്കക്കുറവ്, പേടി, വെപ്രാളം, വിറയല്‍ മുതലായവ കാണാം. അമിതമായ വിശപ്പും, കൂടാതെ കൂടെയുള്ള മലവിസര്‍ജനവും ഈ ഹോര്‍മോണ്‍ ഗാസ്ട്രോ ഇന്റെര്‍സ്റ്റൈനല്‍ ട്രാക്കിനെ ബാധിക്കുന്നകൊണ്ടാണ്. കൂടാതെ സ്ത്രീകളില്‍ മെന്‍സസ് വളരെ കുറയുകയും ഉല്‍പ്പാദനശേഷി കുറയുകയും ചെയ്യുന്നു. ശരീരത്തിന്റെ തൂക്കം കുറയുന്നതും അമിതമായി വിയര്‍പ്പ് കാണുന്നതും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

രോഗം കണ്ണുകളെ ബാധിക്കുമ്പോള്‍ ഉരുണ്ട കണ്ണുകളും, തള്ളിവരുന്ന കണ്ണുകളും വളരെ സാധാരണമാണ്. അതുകൊണ്ട് രോഗിയെ കാണുമ്പോള്‍ത്തന്നെ രോഗം ഡയഗ്നോസ്ചെയ്യാന്‍ സാധിക്കും.

രോഗം സ്ഥിരീകരിക്കാന്‍ വേണ്ട പരിശോധനകള്‍

രോഗം സ്ഥിരീകരിക്കുന്നതിനു വേണ്ട, പ്രധാന പരിശോധന രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്നതാണ്. രക്തത്തിലെ ഠ3യും ഠ4ഉം വളരെ കൂടിയിരിക്കുകയും ഠടഒ എന്ന പിറ്റ്യൂട്ടറി ഹോര്‍മോണ്‍ വളരെ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ ടെസ്റ്റ്കൊണ്ട് ഹൈപ്പര്‍ തൈറോയ്ഡിസം സ്ഥിരീകരിക്കാം. പക്ഷേ എന്തുകൊണ്ടാണ് ഈ രോഗം വന്നതെന്നു കണ്ടുപിടിക്കുന്നതിന് തൈറോയ്ഡിന്റെ ഐസോടോപ്പ് സ്കാനിങ് എന്ന പരിശോധന ചെയ്യണം. ഈ ടെസ്റ്റ് ചെയ്താല്‍ രോഗം ടോക്സിക് അഡിനോമ ആണോ അതോ ഗ്രേവ്സ് ഡിസിസ് ആണോ എന്നു കണ്ടുപിടിക്കാന്‍ സാധിക്കും.

രോഗത്തിന്റെ ചികിത്സ

രോഗത്തിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും കാര്‍ബിമസോള്‍ എന്ന ഗുളികയാണ് ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ ചികിത്സിച്ചുമാറ്റിയശേഷം, രോഗം വരാന്‍ ഉണ്ടായ കാരണത്തിനനുസരിച്ച് ചികിത്സാരീതി മാറും. ഉദാഹരണമായി, ടോക്സിക് അഡിനോമകൊണ്ടാണ് ഹൈപ്പര്‍ തൈറോയ്ഡിസം ഉണ്ടായതെങ്കില്‍ സര്‍ജറിയോ, റേഡിയോ അയഡിന്‍കൊണ്ടുള്ള കരിക്കലോ ചെയ്യണം. ഗ്രേവ്സ് ഡിസിസ് മൂലമുള്ള ഹൈപ്പര്‍ തൈറോയ്ഡിസം ആണെങ്കില്‍ തുടര്‍ച്ചയായി ഗുളികകള്‍ കഴിക്കുകയോ, ഓപ്പറേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ റേഡിയോ അയഡിന്‍കൊണ്ട് ഗ്രന്ഥിയെ കരിച്ചുകളയുകയോ ചെയ്യാം. ഈ മൂന്നുതരം ചികിത്സക്കും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. അതുകൊണ്ട് രോഗിയും ഡോക്ടറും ചര്‍ച്ചചെയ്ത് രോഗിക്ക് ഏറ്റവും പറ്റിയതും സ്വീകാര്യമായതുമായ ചികിത്സാരീതി തെരഞ്ഞെടുക്കുന്നു.

രോഗം കൂടിനില്‍ക്കുമ്പോള്‍ ആഹാരത്തിലെ അയഡിന്റെ അളവ് കുറയ്ക്കുന്നത് നന്നാകും. ഹൈപ്പര്‍ തൈറോയ്ഡ് രോഗം കൂടിനില്‍ക്കുന്ന സമയത്ത്, അയഡൈസ്ഡ് ഉപ്പിനുപകരം കല്ലുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ചുമയ്ക്കുള്ള സിറപ്പുകളും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന അയഡൈസ്ഡ് ഫില്‍റ്ററുകളും ഉപയോഗിക്കാന്‍പാടില്ല. സാധാരണയായി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞുപോകാതിരിക്കാന്‍വേണ്ടി അയഡിന്‍ അത്യാവശ്യമായി കഴിക്കണമെന്ന് ഉപദേശിക്കുന്നതിന് വിപരീതമായ ഉപദേശമാണ്, ഹൈപ്പര്‍ തൈറോയ്ഡ് രോഗത്തിന് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഈ രോഗം കുറേ നാളുകള്‍ പിന്നിട്ടാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുകയും അവസാനം ഇതിന്റെ എതിര്‍രോഗമായ ഹൈപ്പോ തൈറോയ്ഡിസത്തില്‍ ചെന്നുചേരുകയും ചെയ്യും. അതുകൊണ്ട് ഈ രോഗം വന്ന് പൂര്‍ണമായി മാറിയാലും ആണ്ടിലൊരിക്കല്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണ്‍ ടെസ്റ്റ്ചെയ്യുന്നത് അത്യാവശ്യമാണ്.

- See more at: http://www.deshabhimani.com/newscontent.php?id=360564#sthash.ieY1doCu.dpuf

Thursday, September 26, 2013

ഹൃദയങ്ങള്‍ക്ക് കരുത്തേകാം - ഡോ. ജോര്‍ജ് തയ്യില്‍



Courtesy : Deshabhimani : Kilivathil Dated 26-09-2013

ആയുസ്സിന്റെ പുസ്തകത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ വയസ്സ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? എളുപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമെത്രയെന്ന് അറിഞ്ഞാല്‍ മതി. ജനനത്തീയതി കൂട്ടിക്കുറച്ചെടുക്കുന്നതല്ല നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ഥ പ്രായം. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യ-രോഗ സ്ഥിതി അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് വാലന്റിന്‍ ഫുസ്റ്ററിന്റെ അഭിപ്രായത്തില്‍, ബാഹ്യമായി കാണുന്ന പ്രായത്തെക്കാള്‍ ഉള്ളില്‍ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ യഥാര്‍ഥ വയസ്സുതന്നെയാണ് ആയുസ്സ് നിര്‍ണയിക്കുന്നത്. സഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജസ്വലതയും ഉണ്ട്.

എല്ലാവര്‍ഷവും സെപ്തംബര്‍ 29 "ലോക ഹൃദയദിന"മായി ആചരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസംരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തിനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഊന്നല്‍നല്‍കുന്നത്. ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അപകട ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അറിവു ലഭിക്കാന്‍ നടത്തിയ ആദ്യ പഠനം ബൃഹത്തായ "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ്. നിരന്തരമായി അപകടഘടകങ്ങള്‍ക്ക് അടിമപ്പെട്ടുകഴിഞ്ഞാല്‍ ഹൃദ്രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറുമെന്ന വസ്തുത അതോടെ സ്ഥിരീകരിക്കപ്പെടുകയുണ്ടായി. 50 വയസ്സ് ആയിട്ടും അപകടഘടകങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ സാധിച്ച 3564 പുരുഷന്മാരെയും 4362 സ്ത്രീകളെയും, രണ്ടോ അതിലധികമോ അപകടഘടകങ്ങളുള്ള മറ്റ് ആള്‍ക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ "ഫ്രിമിങ്ങാം ഹാര്‍ട്ട് സ്റ്റഡി" വിസ്മയാവഹമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അപകടഘടകങ്ങള്‍ ഒന്നുംതന്നെയില്ലാത്ത പുരുഷന്മാരില്‍ ഹൃദ്രോഗസാധ്യത വെറും അഞ്ചു ശതമാനം മാത്രമായപ്പോള്‍, അതുള്ളവരില്‍ ഹൃദ്രോഗസാധ്യത 69 ശതമാനമായി ഉയര്‍ന്നു. അതുപോലെ സ്ത്രീകളുടെ കാര്യമെടുത്താലും അപകടഘടകങ്ങളില്ലാത്തവരില്‍ ഹൃദ്രോഗസാധ്യത എട്ടു ശതമാനമായപ്പോള്‍ അതുള്ളവരില്‍ 50 ശതമാനമായി ഹൃദ്രോഗഭീഷണി ഉയര്‍ന്നു. കാര്യമായ ആപത്ഘടകങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് 11 വര്‍ഷവും സ്ത്രീകള്‍ക്ക് എട്ടുവര്‍ഷവും മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിച്ചു.

ഹൃദ്രോഗം പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി രോഗാതുരമാക്കുന്ന പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് പുതിയ കണ്ടുപിടിത്തം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഡിയുടെ അഭിപ്രായത്തില്‍ ഹൃദ്രോഗത്തിന്റെ പീഡകള്‍ കൂടുതല്‍ അനുഭവിക്കുന്നതും മരിക്കുന്നതും സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍തന്നെ. ഹൃദയധമനീ രോഗങ്ങള്‍മൂലം ലോകത്ത് ഓരോവര്‍ഷവും മരിക്കുന്നവരില്‍ 80 ശതമാനം പേരും സാമ്പത്തികശേഷി കുറഞ്ഞ പാവപ്പെട്ട രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്നു കാണാന്‍ കഴിഞ്ഞു. "പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ"യുടെ പ്രസിഡന്റുകൂടിയായ ശ്രീനാഥ് റെഡ്ഡി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത ആനുപാതികമായി അധികരിക്കുന്നതായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയിക്കുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇക്കൂട്ടരില്‍ വളരെ ഉയര്‍ന്നുകണ്ടു.

സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതലായി പുകവലിക്കുകയും പോഷകകുറവുള്ള ആഹാരം ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും ഏറെപ്പേരുടെ ജീവന്‍ അപഹരിച്ച വാതപ്പനിമൂലമുള്ള ഹൃദ്രോഗാവസ്ഥകള്‍ ഇപ്പോള്‍ അവിടങ്ങളില്‍ കാണാനില്ലെന്നുതന്നെ പറയാം. ഇന്ത്യയിലെ സ്ഥിതിയെടുത്താല്‍, കേരളം, തമിഴ്നാട് തുടങ്ങിയ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) ഉണ്ടാകുന്നവരുടെ എണ്ണം താതമ്യേന കുറഞ്ഞുകാണുമ്പോള്‍, വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും കുറഞ്ഞ ബിഹാറിലും ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ രോഗാതുരത അധികരിച്ചുകാണുന്നു. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷണമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറവാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്" ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു. അസാംക്രമിക രോഗങ്ങള്‍മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആള്‍ക്കാരാണ് മൃതിയടയുന്നത്. ഹൃദയധമനീരോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍.

ലോകത്ത് മൂന്നില്‍ രണ്ടു മരണവും ഇവകൊണ്ടുതന്നെ. ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷംപേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥവരും. ഈ അപകടനില തരണംചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65-ാം "വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി" അടിയന്തര തീരുമാനവുമായി മുന്നോട്ടുവന്നത്. 2025ഓടെ അസാംക്രമികരോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദയധമനീ രോഗങ്ങളാണ്. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനത്തിലധികം ചെലവാണ് കൂടുതലായി കുടുംബത്തിലുണ്ടാകുന്നത്. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനെക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-90 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിരവധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അത്യാപത്കരമായി വര്‍ധിച്ചുവരുന്ന ഹൃദ്രോഗബാധയുടെ കാരണങ്ങള്‍ തേടി നടത്തിയ ബൃഹത്തായ "ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡി (കിറശമി ഒലമൃേ ണമരേവ ടേൗറ്യ)യുടെ ഫലങ്ങള്‍ കഴിഞ്ഞ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ ജീവിത-ഭക്ഷണ ശൈലികള്‍ എപ്രകാരം ഹൃദ്രോഗബാധയെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം. അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളിലേതിനെക്കാള്‍ അധികമായി അവശ്യ ഘടകങ്ങളുടെ അതിപ്രസരം ഇവിടെ ഉണ്ടെന്നു കണ്ടെത്തി. 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി ഒരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു. 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൊഴുപ്പോടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നു. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നില്ല. അതുപോലെ അമിതവണ്ണം, ദുര്‍മേദസ്, പുകവലി, പ്രമേഹം എല്ലാം ഇന്ത്യക്കാരില്‍ അതിരുകടക്കുന്നതായി പഠനത്തില്‍ കാണാന്‍കഴിഞ്ഞു.

ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പല കര്‍മപരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജസ്വലമാക്കണം. രോഗാതുരത തുടങ്ങുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ദീര്‍ഘകാലയളവിലാണ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമാക്കേണ്ടത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ പലപ്പോഴും ഹൃദ്രോഗതീവ്രത പിടിച്ചാല്‍കിട്ടില്ല. പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയെപ്പറ്റി ബോധവാന്മാരാകണം. എന്തുംവരട്ടെ ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉണ്ടല്ലോ എന്ന മിഥ്യാധാരണ മാറ്റണം. ഈ ചികിത്സകളൊന്നും ഒന്നിന്റെയും സമ്പൂര്‍ണ പരിഹാരമല്ല. പാച്ച്വര്‍ക്കുകള്‍ മാത്രം. യാഥാര്‍ഥ ചികിത്സ രോഗത്തെ തടയുന്ന മാര്‍ഗങ്ങള്‍തന്നെ.

(ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റുംഎറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)

Friday, April 26, 2013

മരുന്നു പരീക്ഷണം: 7 വര്‍ഷത്തില്‍ 2, 644 പേര്‍ കൊല്ലപ്പെട്ടു


(Courtesy : http://www.deshabhimani.com/newscontent.php?id=291158) Posted on: 26-Apr-2013 01:14 AM ന്യൂഡല്‍ഹി: രാജ്യത്ത് മനുഷ്യരില്‍ മരുന്നുപരീക്ഷണം നടത്തി മരണം വിതച്ച ബഹുരാഷ്ട്ര കമ്പനികളില്‍ അടുത്തിടെ സുപ്രീംകോടതി പേറ്റന്റ് നിഷേധിച്ച നോവാര്‍ട്ടിസും. നോവാര്‍ട്ടിസ് കഴിഞ്ഞ വര്‍ഷം നടത്തിയ മരുന്നുപരീക്ഷണത്തില്‍ മാത്രം 47 പേര്‍ മരിച്ചു. മരുന്നുപരീക്ഷണത്തിലൂടെ രാജ്യത്ത് ഏഴ് വര്‍ഷത്തിനിടെ 2,644 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊല്ലപ്പെടുന്നവരുടെ എണ്ണം ബഹുരാഷ്ട്രകമ്പനികള്‍ കുറച്ചുകാട്ടുകയും നഷ്ടപരിഹാരം നിഷേധിക്കുകയും ചെയ്യുന്നതായി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യരെ ഗിനിപ്പന്നികളായി ഉപയോഗിക്കുന്നതിനെതിരെ ഒരു സര്‍ക്കാരേതര സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സത്യവാങ്മൂലം. 2005 ജനുവരി മുതല്‍ 2012 ജൂണ്‍ വരെ 475 മരുന്നുകളുടെ പരീക്ഷണമാണ് രാജ്യത്ത് നടന്നത്. ഇതില്‍ 17 മരുന്നുകള്‍ രാജ്യത്ത് വിപണനം നടത്താന്‍ പിന്നീട് അനുമതി നല്‍കി. ഇക്കാലയളവില്‍ 57,303 പേരെ പരീക്ഷണത്തിന് വിധേയരാക്കാന്‍ പേര് ചേര്‍ത്തു. ഇതില്‍ 39,022 പേരില്‍ പരീക്ഷണം നടത്തി. മരണത്തിന് പുറമേ 11,972 ഗുരുതര പ്രത്യാഘാതങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 506 കേസുകള്‍ പരീക്ഷണവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണം വിതച്ച വിദേശ കമ്പനികളില്‍ മുമ്പില്‍ നില്‍ക്കുന്നത് നോവാര്‍ട്ടിസും ബായേഴ്സുമാണ്. നോവാര്‍ട്ടിസിന്റെ അലിസ്കിരിന്‍ എന്ന പേരിലുള്ള മരുന്നിന്റെ പരീക്ഷണത്തിനിടെയാണ് മരണം. നോവാര്‍ട്ടിസിന്റെ അര്‍ബുദ മരുന്നായ ഗ്ലീവക്കിന് പേറ്റന്റ് നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. അര്‍ബുദ മരുന്നില്‍ ആധിപത്യം സ്വന്തമാക്കി രോഗികളെ കൊള്ളയടിക്കാനായിരുന്നു കമ്പനിയുടെ പേറ്റന്റ് അപേക്ഷ. അപേക്ഷ തള്ളിയ കോടതി നടപടി ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്ന് ഉല്‍പ്പാദനം തുടരാന്‍ സഹായകമായി. ബായേഴ്സിന്റെ റിവാറോക്സാബാന്‍ എന്ന മരുന്നിന്റെ പരീക്ഷണം 146 പേരുടെ മരണത്തിനിടയാക്കി. 2008ലെ പരീക്ഷണത്തില്‍ 21 പേര്‍ മരണമടഞ്ഞു. എന്നാല്‍, മരണസംഖ്യ അഞ്ചാണെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. ഇതില്‍ത്തന്നെ നഷ്ടടപരിഹാരം നല്‍കാന്‍ തയ്യാറായത് രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് മാത്രം. ആദ്യം മരണത്തിനിടയാക്കിയെന്ന് ബായേഴ്സ് സമ്മതിച്ച അതേ മരുന്ന് തന്നെ 2010-ല്‍ വീണ്ടും പരീക്ഷിച്ചു. ഇത്തവണ മരണ സംഖ്യ 125 ആയി ഉയര്‍ന്നു. സണ്‍ ഫാര്‍മ കമ്പനിയുടെ മരുന്നുപരീക്ഷണം 12 പേരുടെ മരണത്തിനിടയാക്കി. മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കാന്‍ ഇന്ത്യയില്‍ അനുമതി ലഭിച്ചതിലേറെയും വിദേശ കമ്പനികള്‍ക്കാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. മരുന്നുപരീക്ഷണം മനുഷ്യരുടെ മരണത്തിനിടയാക്കുമ്പോഴും കേന്ദ്രം തുടരുന്ന നിസ്സംഗതയെ കഴിഞ്ഞ ജനുവരി മൂന്നിന് സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. മരുന്നുപരീക്ഷണം നിര്‍ത്തലാക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. - See more at: http://www.deshabhimani.com/newscontent.php?id=291158#sthash.j0O3Kxha.dpuf

Thursday, April 25, 2013

കടകളില്‍ വിതരണംചെയ്യുന്ന ഐസില്‍ മാരക രാസവസ്തുക്കള്‍


(Courtesy : http://www.deshabhimani.com/newscontent.php?id=290700) സ്വന്തം ലേഖകന്‍ Posted on: 25-Apr-2013 12:55 AM കൊച്ചി: നഗരത്തിലെ ജ്യൂസ് കടകളിലും ബാറുകളിലും വിതരണംചെയ്യുന്ന ഐസില്‍ അമോണിയയും ഫോര്‍മാലിനും അടക്കമുള്ള മാരക രാസവസ്തുക്കള്‍. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ അടങ്ങിയ ഐസ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലയിലെ നാല് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഐസ് പ്ലാന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേണായിയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മൈത്രി ഐസ് പ്ലാന്റും ഇതില്‍ ഉള്‍പ്പെടും. തോപ്പുംപടിയിലുള്ള സരോമ, സിംല, പെരുമ്പാവൂരിലുള്ള ശ്രീ വെങ്കിടേശ്വര എന്നിവയാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. ജില്ലയിലെ വിവിധ ഐസ് പ്ലാന്റുകളില്‍നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ഐസ് പ്ലാന്റുകളില്‍നിന്ന് 24 സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ജേക്കബ് തോമസ്, ശശികുമാര്‍, ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. മൃതദേഹം അഴുകാതിരിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ അടങ്ങിയ ഐസ് മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുക. അമോണിയ ചേര്‍ക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഐസ് ഉണ്ടാക്കാം. ഈ ഐസ് പെട്ടെന്ന് അലിഞ്ഞുപോവുകയുമില്ല. അമോണിയ ചേര്‍ത്ത ഐസും മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. മത്സ്യത്തിന് പുതുമ തോന്നാനും ഇത്തരത്തിലുള്ള ഐസ് സഹായിക്കുന്നുണ്ട്. ഇതാണ് കുലുക്കിസര്‍ബ്ബത്ത് പോലുള്ള പാനീയങ്ങളിലും ജ്യൂസുകളിലും ഉപയോഗിക്കുന്നത്. രണ്ട് രാസവസ്തുക്കളും ഉള്ളില്‍ചെല്ലുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണംചെയ്തതിന് ഏലൂരിലുള്ള രണ്ട് കുടിവെള്ള വിതരണയൂണിറ്റുകള്‍ പൂട്ടാന്‍ കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യസുരക്ഷാവിഭാഗം ഉത്തരവിട്ടിരുന്നു. ടാങ്കറില്‍ കുടിവെള്ളം വിതരണംചെയ്യുന്ന കുറ്റിക്കാട്ടുകരയിലെ സിഗ്മ എന്റര്‍പ്രൈസസ്, ഇബ്രാഹിം എന്നയാളുടെ യൂണിറ്റ് എന്നിവയാണ് പൂട്ടിയത്. ഇവര്‍ ടാങ്കറുകളില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന പരിശോധനാറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തില്‍ കുലുക്കിസര്‍ബ്ബത്ത് വില്‍പ്പന നടത്തുന്ന കടകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയതില്‍ ഐസില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290700#sthash.aGFxsdlx.dpuf

സസ്യാഹാരികള്‍ക്ക് ഹൃദയാഘാത സാധ്യത 32 ശതമാനം കുറവ്


(Courtesy : http://www.deshabhimani.com/newscontent.php?id=258246) Posted on: 04-Feb-2013 08:52 AM ലണ്ടന്‍: സസ്യാഹാരികള്‍ക്ക് മാംസാഹാരികളേക്കാള്‍ ഹൃദയാഘാത സാധ്യത 32 ശതമാനം കുറവെന്ന് പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവയുടെ കണക്കിലും മാംസാഹാരം ഉപയോഗിക്കുന്നവരേക്കാള്‍ മികച്ച നിലയിലാണ് സസ്യാഹാരികള്‍. ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 44,500 പേരില്‍ നടത്തിയ നിരീക്ഷണ-ഗവേഷണങ്ങളെ ആധാരമാക്കിയാണ് ആരോഗ്യലോകം ഈ നിഗമനങ്ങളിലെത്തിയത്. ഈ കണ്ടെത്തലുകള്‍ അമേരിക്കന്‍ മാസികയായ "ക്ലിനിക്കല്‍ ന്യൂട്രീഷന്‍" പ്രസിദ്ധീകരിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ ഹൃദയസ്തംഭനം വളരെ വ്യാപകമായ സാഹചര്യത്തിലായിരുന്നു പഠനം. പ്രതിവര്‍ഷം 94,000 പേരാണ് ബ്രിട്ടനില്‍മാത്രം ഹൃദയസ്തംഭനംമൂലം മരിക്കുന്നത്. - See more at: http://www.deshabhimani.com/newscontent.php?id=258246#sthash.z281ZOTm.dpuf

ആഹാരം


(Courtesy : http://www.deshabhimani.com/newscontent.php?id=241797) വില്ലന്മാര്‍: കൊഴുപ്പ്, വിരുദ്ധാഹാരം ആര്യനാട് മോഹനന്‍ Posted on: 21-Dec-2012 12:07 PM ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം എത്ര പ്രാധാന്യം അര്‍ഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ആഹാരം എപ്പോള്‍, എങ്ങനെ ഏത് തരത്തില്‍ എന്നൊക്കെ ആര് ചിന്തിക്കുന്നു? അതിനുമുണ്ട് ക്രമം. ഭക്ഷണത്തിലെ ചിട്ടയും ശീലവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അമിതവും ഹീനവുമായ ഭക്ഷണം ശരീരത്തിന് ദോഷംചെയ്യും. ഭക്ഷണം ആവശ്യത്തിന് കഴിക്കുക. വിശപ്പ് മാറിയാല്‍ ആഹാരം മതിയാക്കാം. ആമാശയത്തിന്റെ പകുതി മാത്രമേ ഭക്ഷണ നിറയ്ക്കേണ്ടതുള്ളൂ. ബാക്കി കാല്‍ഭാഗം വെള്ളം വേണം. പിന്നീടുള്ള കാല്‍ഭാഗം ഒഴിച്ചിടണം. ഒരിക്കല്‍ കഴിച്ച ആഹാരം ദഹിച്ചശേഷം മാത്രമേ അടുത്തത് കഴിക്കാവൂ. ഒരുദിവസം മൂന്നുനേരത്തെ ഭക്ഷണത്തിന്റെ ആവശ്യകതയേയുള്ളൂ. ശരീരത്തിനാവശ്യമായ ഒരുദിവസത്തെ ഊര്‍ജത്തിന്റെ പ്രധാന ഭാഗം ലഭിക്കേണ്ടത് പ്രഭാതഭക്ഷണത്തില്‍നിന്നാണ്. ബാക്കിയുള്ളതിന്റെ മുപ്പത് ശതമാനം ഉച്ചഭക്ഷണത്തില്‍നിന്നാവാം. അതില്‍ പോഷകങ്ങളും ജീവകങ്ങളുമടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ നിങ്ങള്‍ക്ക്? ആഹാരം കഴിക്കുന്നതിനുമുമ്പ് സ്വയം ചോദിക്കുക. എനിക്ക് വിശക്കുന്നുണ്ടോ? ഇപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യമുണ്ടോ? അഥവാ കഴിക്കണമെന്ന് തോന്നിയാലും അത് സാലഡുകളോ പഴച്ചാറുകളോ ആക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പ് അവശ്യഘടകമാണ്. എന്നാല്‍, അതിനുവേണ്ടി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നമ്മള്‍ വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനകാരണം കൊഴുപ്പാണ്. ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം മാത്രമാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും കാരണം. ശരീരത്തിന് ആവശ്യമായതിന്റെ എത്രയോ ഇരട്ടി കൊഴുപ്പാണ് നാം ഒരോ നേരവും അകത്താക്കുന്നത്. കൊഴുപ്പ് പലതരത്തിലുണ്ട്. ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈസ് എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൊളസ്ട്രോളില്‍ നല്ലതും ചീത്തയുമുണ്ട്. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോളാണ്. അതാണ് രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ സങ്കോചത്തിനും രക്തയോട്ടം കുറയാനും ഇത് കാരണമാകുന്നു. സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ ധമനികളില്‍ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി എച്ച്ഡിഎല്ലിന്റെ അളവ് കൂടും. കൊഴുപ്പ് കൂടുതലുള്ള ഇറച്ചി, മുട്ട, വെണ്ണ, നെയ്യ്, പാല്‍ എന്നിവ പരമാവധി ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാം. ആഹാരത്തില്‍ പരസ്പരം ചേരാത്തവയുണ്ട്. ഇവ അറിഞ്ഞ് ഒഴിവാക്കുക. മീന്‍-മോര്, തൈര്-പഴം, തൈര്-ഇറച്ചി എന്നിവ ഹാനികരമായ ഭക്ഷണശീലമാണ്. നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയും വേണം ഭക്ഷണത്തെ സമീപിക്കാന്‍. ആഹാരത്തോടുള്ള വിനയവും പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. സംഘര്‍ഷമുള്ള വിഷയങ്ങളോ കാര്യങ്ങളോ ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കരുത്. ഓഫീസ് കാര്യങ്ങളും അവിടത്തെ സംഘര്‍ഷങ്ങളും ഭക്ഷണസമയത്ത് ചര്‍ച്ചയ്ക്കെടുക്കുന്നത് ചിലരുടെ ശീലമാണ്. ഇത് നല്ലതല്ല. രുചിയെപ്പറ്റി കുറ്റപ്പെടുത്തിയും പരിഹസിച്ച് സംസാരിക്കുന്നതും ശരിയല്ല. ഭാര്യയെ കുറ്റപ്പെടുത്താനും കളിയാക്കാനുമുള്ള വേദിയാക്കി തീന്‍മേശയെ മാറ്റരുത്. പിന്നെയവര്‍ക്ക് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാകുമോയെന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം സ്നേഹത്തോടെ പറയാം. - See more at: http://www.deshabhimani.com/newscontent.php?id=241797#sthash.F88M8JQL.dpuf

കരളിന് വില്ലനായി എലിവിഷവും


(Courtesy : http://www.deshabhimani.com/newscontent.php?id=279963) അഞ്ജുനാഥ് Posted on: 26-Mar-2013 09:49 AM കൊച്ചി: കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ എലിവിഷം പ്രധാന കാരണമാകുന്നു. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2006 മുതല്‍ 2013 വരെ കരള്‍രോഗവുമായി ആശുപത്രിയിലെത്തിയവരില്‍ 96 പേര്‍ അറിഞ്ഞോ അറിയാതെയോ എലിവിഷം ഉള്ളില്‍ചെന്നവരാണ്. ഇതില്‍ നല്ലൊരു ശതമാനവും മരിച്ചു. പതിനൊന്നുപേര്‍ക്ക് കരള്‍ മാറ്റിവയ്ക്കലും വേണ്ടിവന്നു. ഇതില്‍ 10 പേര്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു. എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ആണ് കരളിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫ. ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. എലിവിഷം അമിതമായ അളവിലാണ് ഉള്ളില്‍ ചെന്നതെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി ഉടന്‍ മരിക്കും. എന്നാല്‍ കുറഞ്ഞ അളവിലാണ് ഉള്ളില്‍ചെല്ലുന്നതെങ്കില്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. ഇതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ 48 മണിക്കൂര്‍വരെ എടുക്കും. ഇതുമൂലം പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും പ്രശ്നം കണ്ടുപിടിക്കാന്‍ കഴിയില്ല. എലിവിഷം ഉള്ളില്‍ചെന്ന് എത്തുന്നവര്‍ ചികിത്സകഴിഞ്ഞ് കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടാലും പിന്നീട് കരളിന് പ്രശ്നമുണ്ടാവാം. കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ബോധരഹിതരായ അവസ്ഥയിലാണ് പലരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. എലിവിഷം ഉള്ളില്‍ചെല്ലുന്നവരില്‍ ഭൂരിഭാഗംപേരും ആത്മഹത്യക്ക് ശ്രമിക്കുന്നവരാണ്. കേരളത്തില്‍ കരള്‍രോഗം വര്‍ധിക്കുന്നതിന് പ്രധാന കാരണം മദ്യപാനംതന്നെയാണ്. മദ്യം കുറഞ്ഞയളവില്‍ കഴിക്കുന്നവര്‍ക്കുപോലും കരള്‍രോഗം വരാം. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കരള്‍രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കേരളത്തില്‍ ആകെയുള്ള കരള്‍രോഗികളില്‍ 35 ശതമാനത്തോളംപേര്‍ മദ്യപാനികളാണ്. 50 ശതമാനത്തോളം നഷ്ടപ്പെട്ടാല്‍പോലും പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍. മുഴുവന്‍ പ്രവര്‍ത്തനം നിലച്ചാലും വീണ്ടും പുനരുദ്ധാരണത്തിനുള്ള കഴിവ് കരളിനുണ്ട്. ഇതിന് സമയം ആവശ്യമാണ്. എന്നാല്‍ ഇതിന് കാത്തിരുന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകും. വൃക്കരോഗികള്‍ക്കാണെങ്കില്‍ ഡയാലിസിസ് പോലുള്ള ജീവന്‍രക്ഷാമാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കരളിന് ഇതില്ല. കരളിന്റെ പുനരുദ്ധാരണത്തിനായി ഡയാലിസിസിനു തുല്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ കരള്‍മാറ്റിവയ്ക്കല്‍ നല്ലൊരു ശതമാനത്തോളം കുറയ്ക്കാനാകും. അമൃത ആശുപത്രിയും ഇത്തരം ഗവേഷണങ്ങളില്‍ പങ്കാളിത്തംവഹിക്കുന്നുണ്ടെന്ന് ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=279963#sthash.FAQZ1Zva.dpuf