Thursday, September 26, 2013

ഹൃദയങ്ങള്‍ക്ക് കരുത്തേകാം - ഡോ. ജോര്‍ജ് തയ്യില്‍



Courtesy : Deshabhimani : Kilivathil Dated 26-09-2013

ആയുസ്സിന്റെ പുസ്തകത്തില്‍ നിങ്ങളുടെ ഇപ്പോഴത്തെ വയസ്സ് എത്രയെന്നറിയാന്‍ മാര്‍ഗമുണ്ടോ? എളുപ്പത്തിലറിയാം. നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമെത്രയെന്ന് അറിഞ്ഞാല്‍ മതി. ജനനത്തീയതി കൂട്ടിക്കുറച്ചെടുക്കുന്നതല്ല നിങ്ങളുടെ ഇപ്പോഴത്തെ യഥാര്‍ഥ പ്രായം. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യ-രോഗ സ്ഥിതി അടിസ്ഥാനമാക്കി കണക്കുകൂട്ടിയെടുക്കേണ്ടതാണ്. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് വാലന്റിന്‍ ഫുസ്റ്ററിന്റെ അഭിപ്രായത്തില്‍, ബാഹ്യമായി കാണുന്ന പ്രായത്തെക്കാള്‍ ഉള്ളില്‍ സ്പന്ദിക്കുന്ന ഹൃദയത്തിന്റെ യഥാര്‍ഥ വയസ്സുതന്നെയാണ് ആയുസ്സ് നിര്‍ണയിക്കുന്നത്. സഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജസ്വലതയും ഉണ്ട്.

എല്ലാവര്‍ഷവും സെപ്തംബര്‍ 29 "ലോക ഹൃദയദിന"മായി ആചരിക്കുകയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സ്ത്രീകളുടെയും കുട്ടികളുടെയും ഹൃദയാരോഗ്യസംരക്ഷ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തിനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഊന്നല്‍നല്‍കുന്നത്. ഹൃദയാരോഗ്യത്തെ കാര്‍ന്നുതിന്നുന്ന അപകട ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ അറിവു ലഭിക്കാന്‍ നടത്തിയ ആദ്യ പഠനം ബൃഹത്തായ "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ്. നിരന്തരമായി അപകടഘടകങ്ങള്‍ക്ക് അടിമപ്പെട്ടുകഴിഞ്ഞാല്‍ ഹൃദ്രോഗബാധ ഉണ്ടാകാനുള്ള സാധ്യത ഏറുമെന്ന വസ്തുത അതോടെ സ്ഥിരീകരിക്കപ്പെടുകയുണ്ടായി. 50 വയസ്സ് ആയിട്ടും അപകടഘടകങ്ങളൊന്നുമില്ലാതെ ജീവിക്കാന്‍ സാധിച്ച 3564 പുരുഷന്മാരെയും 4362 സ്ത്രീകളെയും, രണ്ടോ അതിലധികമോ അപകടഘടകങ്ങളുള്ള മറ്റ് ആള്‍ക്കാരെയും ഉള്‍പ്പെടുത്തി നടത്തിയ "ഫ്രിമിങ്ങാം ഹാര്‍ട്ട് സ്റ്റഡി" വിസ്മയാവഹമായ പല വിവരങ്ങളും വെളിച്ചത്തു കൊണ്ടുവന്നു. അപകടഘടകങ്ങള്‍ ഒന്നുംതന്നെയില്ലാത്ത പുരുഷന്മാരില്‍ ഹൃദ്രോഗസാധ്യത വെറും അഞ്ചു ശതമാനം മാത്രമായപ്പോള്‍, അതുള്ളവരില്‍ ഹൃദ്രോഗസാധ്യത 69 ശതമാനമായി ഉയര്‍ന്നു. അതുപോലെ സ്ത്രീകളുടെ കാര്യമെടുത്താലും അപകടഘടകങ്ങളില്ലാത്തവരില്‍ ഹൃദ്രോഗസാധ്യത എട്ടു ശതമാനമായപ്പോള്‍ അതുള്ളവരില്‍ 50 ശതമാനമായി ഹൃദ്രോഗഭീഷണി ഉയര്‍ന്നു. കാര്യമായ ആപത്ഘടകങ്ങളില്ലാത്ത പുരുഷന്മാര്‍ക്ക് 11 വര്‍ഷവും സ്ത്രീകള്‍ക്ക് എട്ടുവര്‍ഷവും മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിച്ചു.

ഹൃദ്രോഗം പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി രോഗാതുരമാക്കുന്ന പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണെന്നതാണ് പുതിയ കണ്ടുപിടിത്തം. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ. കെ ശ്രീനാഥ് റെഡ്ഡിയുടെ അഭിപ്രായത്തില്‍ ഹൃദ്രോഗത്തിന്റെ പീഡകള്‍ കൂടുതല്‍ അനുഭവിക്കുന്നതും മരിക്കുന്നതും സാമ്പത്തികമായി താഴെക്കിടയിലുള്ളവര്‍തന്നെ. ഹൃദയധമനീ രോഗങ്ങള്‍മൂലം ലോകത്ത് ഓരോവര്‍ഷവും മരിക്കുന്നവരില്‍ 80 ശതമാനം പേരും സാമ്പത്തികശേഷി കുറഞ്ഞ പാവപ്പെട്ട രാജ്യങ്ങളിലുള്ളവരാണെന്നോര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്നു കാണാന്‍ കഴിഞ്ഞു. "പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ"യുടെ പ്രസിഡന്റുകൂടിയായ ശ്രീനാഥ് റെഡ്ഡി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത ആനുപാതികമായി അധികരിക്കുന്നതായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയിക്കുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇക്കൂട്ടരില്‍ വളരെ ഉയര്‍ന്നുകണ്ടു.

സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ കൂടുതലായി പുകവലിക്കുകയും പോഷകകുറവുള്ള ആഹാരം ഉപയോഗിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പിലും അമേരിക്കയിലും ഏറെപ്പേരുടെ ജീവന്‍ അപഹരിച്ച വാതപ്പനിമൂലമുള്ള ഹൃദ്രോഗാവസ്ഥകള്‍ ഇപ്പോള്‍ അവിടങ്ങളില്‍ കാണാനില്ലെന്നുതന്നെ പറയാം. ഇന്ത്യയിലെ സ്ഥിതിയെടുത്താല്‍, കേരളം, തമിഴ്നാട് തുടങ്ങിയ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ വാതപ്പനി (റുമാറ്റിക് ഫീവര്‍) ഉണ്ടാകുന്നവരുടെ എണ്ണം താതമ്യേന കുറഞ്ഞുകാണുമ്പോള്‍, വിദ്യാഭ്യാസവും സാമ്പത്തികഭദ്രതയും കുറഞ്ഞ ബിഹാറിലും ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ രോഗാതുരത അധികരിച്ചുകാണുന്നു. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷണമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറവാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്" ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു. അസാംക്രമിക രോഗങ്ങള്‍മൂലം ഭൂമുഖത്ത് പ്രതിവര്‍ഷം 36 ദശലക്ഷം ആള്‍ക്കാരാണ് മൃതിയടയുന്നത്. ഹൃദയധമനീരോഗങ്ങള്‍, പ്രമേഹം, അര്‍ബുദം, പഴകിയ ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന അസാംക്രമിക രോഗങ്ങള്‍.

ലോകത്ത് മൂന്നില്‍ രണ്ടു മരണവും ഇവകൊണ്ടുതന്നെ. ഇപ്പോഴുള്ള സാഹചര്യം തുടര്‍ന്നാല്‍ വരും ദശകത്തില്‍ അസാംക്രമിക രോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 15 ശതമാനമായി ഉയര്‍ന്ന് പ്രതിവര്‍ഷം 44 ദശലക്ഷംപേര്‍ മൃത്യുവിനിരയാകുന്ന അവസ്ഥവരും. ഈ അപകടനില തരണംചെയ്യാനുള്ള ദൃഢനിശ്ചയവുമായാണ് ജനീവയില്‍ നടന്ന 65-ാം "വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി" അടിയന്തര തീരുമാനവുമായി മുന്നോട്ടുവന്നത്. 2025ഓടെ അസാംക്രമികരോഗങ്ങള്‍മൂലമുള്ള മരണസംഖ്യ 25 ശതമാനം കുറയ്ക്കണം. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദയധമനീ രോഗങ്ങളാണ്. ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനത്തിലധികം ചെലവാണ് കൂടുതലായി കുടുംബത്തിലുണ്ടാകുന്നത്. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനെക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-90 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിരവധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ അത്യാപത്കരമായി വര്‍ധിച്ചുവരുന്ന ഹൃദ്രോഗബാധയുടെ കാരണങ്ങള്‍ തേടി നടത്തിയ ബൃഹത്തായ "ഇന്ത്യന്‍ ഹാര്‍ട്ട് വാച്ച് സ്റ്റഡി (കിറശമി ഒലമൃേ ണമരേവ ടേൗറ്യ)യുടെ ഫലങ്ങള്‍ കഴിഞ്ഞ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിച്ചു. വ്യത്യസ്തമായ ജീവിത-ഭക്ഷണ ശൈലികള്‍ എപ്രകാരം ഹൃദ്രോഗബാധയെ സ്വാധീനിക്കുന്നു എന്നതായിരുന്നു പഠനവിഷയം. അമേരിക്ക, പശ്ചിമ യൂറോപ്പ് എന്നിവിടങ്ങളിലേതിനെക്കാള്‍ അധികമായി അവശ്യ ഘടകങ്ങളുടെ അതിപ്രസരം ഇവിടെ ഉണ്ടെന്നു കണ്ടെത്തി. 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി ഒരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു. 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൊഴുപ്പോടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നു. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നില്ല. അതുപോലെ അമിതവണ്ണം, ദുര്‍മേദസ്, പുകവലി, പ്രമേഹം എല്ലാം ഇന്ത്യക്കാരില്‍ അതിരുകടക്കുന്നതായി പഠനത്തില്‍ കാണാന്‍കഴിഞ്ഞു.

ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പല കര്‍മപരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജസ്വലമാക്കണം. രോഗാതുരത തുടങ്ങുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ദീര്‍ഘകാലയളവിലാണ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമാക്കേണ്ടത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ പലപ്പോഴും ഹൃദ്രോഗതീവ്രത പിടിച്ചാല്‍കിട്ടില്ല. പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയെപ്പറ്റി ബോധവാന്മാരാകണം. എന്തുംവരട്ടെ ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉണ്ടല്ലോ എന്ന മിഥ്യാധാരണ മാറ്റണം. ഈ ചികിത്സകളൊന്നും ഒന്നിന്റെയും സമ്പൂര്‍ണ പരിഹാരമല്ല. പാച്ച്വര്‍ക്കുകള്‍ മാത്രം. യാഥാര്‍ഥ ചികിത്സ രോഗത്തെ തടയുന്ന മാര്‍ഗങ്ങള്‍തന്നെ.

(ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന പ്രസിഡന്റുംഎറണാകുളം ലൂര്‍ദ് ഹോസ്പിറ്റലില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റുമാണ് ലേഖകന്‍)

1 comment:

  1. ഹൃദ്രോഗത്തെ പടിപ്പുറത്തു നിര്‍ത്താന്‍ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ പല കര്‍മപരിപാടികളും മുന്നോട്ടുവയ്ക്കുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് പ്രതിരോധമാര്‍ഗങ്ങള്‍ ഊര്‍ജസ്വലമാക്കണം. രോഗാതുരത തുടങ്ങുന്നതുമുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെയുള്ള ദീര്‍ഘകാലയളവിലാണ് പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമാക്കേണ്ടത്. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ പിന്നെ പലപ്പോഴും ഹൃദ്രോഗതീവ്രത പിടിച്ചാല്‍കിട്ടില്ല. പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയെപ്പറ്റി ബോധവാന്മാരാകണം. എന്തുംവരട്ടെ ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും ഉണ്ടല്ലോ എന്ന മിഥ്യാധാരണ മാറ്റണം. ഈ ചികിത്സകളൊന്നും ഒന്നിന്റെയും സമ്പൂര്‍ണ പരിഹാരമല്ല. പാച്ച്വര്‍ക്കുകള്‍ മാത്രം. യാഥാര്‍ഥ ചികിത്സ രോഗത്തെ തടയുന്ന മാര്‍ഗങ്ങള്‍തന്നെ.

    ***************

    ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിനടിമപ്പെടുന്നതോടെ 20 ശതമാനത്തിലധികം ചെലവാണ് കൂടുതലായി കുടുംബത്തിലുണ്ടാകുന്നത്. സാധാരണക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു നശിക്കുന്നതിനെക്കാള്‍ ഭേദം രോഗംവരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-90 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന യാഥാര്‍ഥ്യം നിരവധി ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

    **************

    79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരികമായി ഒരു അധ്വാനവുമില്ലാത്ത ജോലികളിലേര്‍പ്പെട്ട് വ്യായാമരഹിതരായി ജീവിതം നയിക്കുന്നു. 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൊഴുപ്പോടെയുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുന്നു. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നില്ല. അതുപോലെ അമിതവണ്ണം, ദുര്‍മേദസ്, പുകവലി, പ്രമേഹം എല്ലാം ഇന്ത്യക്കാരില്‍ അതിരുകടക്കുന്നതായി പഠനത്തില്‍ കാണാന്‍കഴിഞ്ഞു.

    *************

    ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷണമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറവാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കും. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്" ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതക പ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസ്ഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്ട്രോള്‍ എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറുന്നു.

    **************
    സഥിരമായി വ്യായാമത്തില്‍ ഏര്‍പ്പെടുന്ന അറുപതുകാരന്റെ ഹൃദയത്തിന് വ്യായാമവിമുഖനായ ഇരുപതുകാരന്റെ ഹൃദയത്തോടൊപ്പം ശക്തിയും ഊര്‍ജസ്വലതയും ഉണ്ട്.

    ***************

    സമീകൃതവും മിതവുമായ ആഹാരവും മതിയായ വ്യായാമവും വിശ്രമവും ഉറപ്പാക്കുന്നതിലൂടെ ഹൃദ്രഗം അടക്കം ജീവിത ശൈലീരോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാം.

    ReplyDelete