Thursday, April 25, 2013

ആഹാരം


(Courtesy : http://www.deshabhimani.com/newscontent.php?id=241797) വില്ലന്മാര്‍: കൊഴുപ്പ്, വിരുദ്ധാഹാരം ആര്യനാട് മോഹനന്‍ Posted on: 21-Dec-2012 12:07 PM ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം എത്ര പ്രാധാന്യം അര്‍ഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ആഹാരം എപ്പോള്‍, എങ്ങനെ ഏത് തരത്തില്‍ എന്നൊക്കെ ആര് ചിന്തിക്കുന്നു? അതിനുമുണ്ട് ക്രമം. ഭക്ഷണത്തിലെ ചിട്ടയും ശീലവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അമിതവും ഹീനവുമായ ഭക്ഷണം ശരീരത്തിന് ദോഷംചെയ്യും. ഭക്ഷണം ആവശ്യത്തിന് കഴിക്കുക. വിശപ്പ് മാറിയാല്‍ ആഹാരം മതിയാക്കാം. ആമാശയത്തിന്റെ പകുതി മാത്രമേ ഭക്ഷണ നിറയ്ക്കേണ്ടതുള്ളൂ. ബാക്കി കാല്‍ഭാഗം വെള്ളം വേണം. പിന്നീടുള്ള കാല്‍ഭാഗം ഒഴിച്ചിടണം. ഒരിക്കല്‍ കഴിച്ച ആഹാരം ദഹിച്ചശേഷം മാത്രമേ അടുത്തത് കഴിക്കാവൂ. ഒരുദിവസം മൂന്നുനേരത്തെ ഭക്ഷണത്തിന്റെ ആവശ്യകതയേയുള്ളൂ. ശരീരത്തിനാവശ്യമായ ഒരുദിവസത്തെ ഊര്‍ജത്തിന്റെ പ്രധാന ഭാഗം ലഭിക്കേണ്ടത് പ്രഭാതഭക്ഷണത്തില്‍നിന്നാണ്. ബാക്കിയുള്ളതിന്റെ മുപ്പത് ശതമാനം ഉച്ചഭക്ഷണത്തില്‍നിന്നാവാം. അതില്‍ പോഷകങ്ങളും ജീവകങ്ങളുമടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ നിങ്ങള്‍ക്ക്? ആഹാരം കഴിക്കുന്നതിനുമുമ്പ് സ്വയം ചോദിക്കുക. എനിക്ക് വിശക്കുന്നുണ്ടോ? ഇപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യമുണ്ടോ? അഥവാ കഴിക്കണമെന്ന് തോന്നിയാലും അത് സാലഡുകളോ പഴച്ചാറുകളോ ആക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പ് അവശ്യഘടകമാണ്. എന്നാല്‍, അതിനുവേണ്ടി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നമ്മള്‍ വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനകാരണം കൊഴുപ്പാണ്. ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം മാത്രമാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും കാരണം. ശരീരത്തിന് ആവശ്യമായതിന്റെ എത്രയോ ഇരട്ടി കൊഴുപ്പാണ് നാം ഒരോ നേരവും അകത്താക്കുന്നത്. കൊഴുപ്പ് പലതരത്തിലുണ്ട്. ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈസ് എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൊളസ്ട്രോളില്‍ നല്ലതും ചീത്തയുമുണ്ട്. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോളാണ്. അതാണ് രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ സങ്കോചത്തിനും രക്തയോട്ടം കുറയാനും ഇത് കാരണമാകുന്നു. സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ ധമനികളില്‍ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി എച്ച്ഡിഎല്ലിന്റെ അളവ് കൂടും. കൊഴുപ്പ് കൂടുതലുള്ള ഇറച്ചി, മുട്ട, വെണ്ണ, നെയ്യ്, പാല്‍ എന്നിവ പരമാവധി ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാം. ആഹാരത്തില്‍ പരസ്പരം ചേരാത്തവയുണ്ട്. ഇവ അറിഞ്ഞ് ഒഴിവാക്കുക. മീന്‍-മോര്, തൈര്-പഴം, തൈര്-ഇറച്ചി എന്നിവ ഹാനികരമായ ഭക്ഷണശീലമാണ്. നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയും വേണം ഭക്ഷണത്തെ സമീപിക്കാന്‍. ആഹാരത്തോടുള്ള വിനയവും പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. സംഘര്‍ഷമുള്ള വിഷയങ്ങളോ കാര്യങ്ങളോ ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കരുത്. ഓഫീസ് കാര്യങ്ങളും അവിടത്തെ സംഘര്‍ഷങ്ങളും ഭക്ഷണസമയത്ത് ചര്‍ച്ചയ്ക്കെടുക്കുന്നത് ചിലരുടെ ശീലമാണ്. ഇത് നല്ലതല്ല. രുചിയെപ്പറ്റി കുറ്റപ്പെടുത്തിയും പരിഹസിച്ച് സംസാരിക്കുന്നതും ശരിയല്ല. ഭാര്യയെ കുറ്റപ്പെടുത്താനും കളിയാക്കാനുമുള്ള വേദിയാക്കി തീന്‍മേശയെ മാറ്റരുത്. പിന്നെയവര്‍ക്ക് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാകുമോയെന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം സ്നേഹത്തോടെ പറയാം. - See more at: http://www.deshabhimani.com/newscontent.php?id=241797#sthash.F88M8JQL.dpuf

1 comment:

  1. pls visit read and comment http://annadhanyatha.blogspot.in/2010/04/annadhanyatha-vision-of-holistic.html

    ReplyDelete