Thursday, April 25, 2013

കടകളില്‍ വിതരണംചെയ്യുന്ന ഐസില്‍ മാരക രാസവസ്തുക്കള്‍


(Courtesy : http://www.deshabhimani.com/newscontent.php?id=290700) സ്വന്തം ലേഖകന്‍ Posted on: 25-Apr-2013 12:55 AM കൊച്ചി: നഗരത്തിലെ ജ്യൂസ് കടകളിലും ബാറുകളിലും വിതരണംചെയ്യുന്ന ഐസില്‍ അമോണിയയും ഫോര്‍മാലിനും അടക്കമുള്ള മാരക രാസവസ്തുക്കള്‍. ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ അടങ്ങിയ ഐസ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലയിലെ നാല് ഐസ് പ്ലാന്റുകള്‍ അടച്ചുപൂട്ടി. ഐസ് പ്ലാന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഷേണായിയുടെ ഉടമസ്ഥതയിലുള്ള തോപ്പുംപടി മൈത്രി ഐസ് പ്ലാന്റും ഇതില്‍ ഉള്‍പ്പെടും. തോപ്പുംപടിയിലുള്ള സരോമ, സിംല, പെരുമ്പാവൂരിലുള്ള ശ്രീ വെങ്കിടേശ്വര എന്നിവയാണ് ബുധനാഴ്ച അടച്ചുപൂട്ടിയത്. ജില്ലയിലെ വിവിധ ഐസ് പ്ലാന്റുകളില്‍നിന്ന് ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോഴാണ് മാരക രാസവസ്തുക്കള്‍ കണ്ടെത്തിയത്. ഈ മാസം നാലിനാണ് ഐസ് പ്ലാന്റുകളില്‍നിന്ന് 24 സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാവകുപ്പ് ശേഖരിച്ചത്. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ അബ്ദുള്‍ ജലീല്‍, ജേക്കബ് തോമസ്, ശശികുമാര്‍, ബൈജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. മൃതദേഹം അഴുകാതിരിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. ഫോര്‍മാലിന്‍ അടങ്ങിയ ഐസ് മീന്‍ കേടാകാതെ സൂക്ഷിക്കുന്നതിനാണ് ഉപയോഗിക്കുക. അമോണിയ ചേര്‍ക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഐസ് ഉണ്ടാക്കാം. ഈ ഐസ് പെട്ടെന്ന് അലിഞ്ഞുപോവുകയുമില്ല. അമോണിയ ചേര്‍ത്ത ഐസും മീന്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു. മത്സ്യത്തിന് പുതുമ തോന്നാനും ഇത്തരത്തിലുള്ള ഐസ് സഹായിക്കുന്നുണ്ട്. ഇതാണ് കുലുക്കിസര്‍ബ്ബത്ത് പോലുള്ള പാനീയങ്ങളിലും ജ്യൂസുകളിലും ഉപയോഗിക്കുന്നത്. രണ്ട് രാസവസ്തുക്കളും ഉള്ളില്‍ചെല്ലുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത കുടിവെള്ളം വിതരണംചെയ്തതിന് ഏലൂരിലുള്ള രണ്ട് കുടിവെള്ള വിതരണയൂണിറ്റുകള്‍ പൂട്ടാന്‍ കഴിഞ്ഞ ബുധനാഴ്ച ഭക്ഷ്യസുരക്ഷാവിഭാഗം ഉത്തരവിട്ടിരുന്നു. ടാങ്കറില്‍ കുടിവെള്ളം വിതരണംചെയ്യുന്ന കുറ്റിക്കാട്ടുകരയിലെ സിഗ്മ എന്റര്‍പ്രൈസസ്, ഇബ്രാഹിം എന്നയാളുടെ യൂണിറ്റ് എന്നിവയാണ് പൂട്ടിയത്. ഇവര്‍ ടാങ്കറുകളില്‍ വിതരണംചെയ്യുന്ന കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ-കോളി ബാക്ടീരിയയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന പരിശോധനാറിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തില്‍ കുലുക്കിസര്‍ബ്ബത്ത് വില്‍പ്പന നടത്തുന്ന കടകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം കഴിഞ്ഞയാഴ്ച പരിശോധന നടത്തിയതില്‍ ഐസില്‍ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ കടകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290700#sthash.aGFxsdlx.dpuf

No comments:

Post a Comment