(Courtesy : http://www.deshabhimani.com/newscontent.php?id=279963)
അഞ്ജുനാഥ്
Posted on: 26-Mar-2013 09:49 AM
കൊച്ചി: കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ എലിവിഷം പ്രധാന കാരണമാകുന്നു. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2006 മുതല്‍ 2013 വരെ കരള്‍രോഗവുമായി ആശുപത്രിയിലെത്തിയവരില്‍ 96 പേര്‍ അറിഞ്ഞോ അറിയാതെയോ എലിവിഷം ഉള്ളില്‍ചെന്നവരാണ്. ഇതില്‍ നല്ലൊരു ശതമാനവും മരിച്ചു. പതിനൊന്നുപേര്‍ക്ക് കരള്‍ മാറ്റിവയ്ക്കലും വേണ്ടിവന്നു. ഇതില്‍ 10 പേര്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു.
എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ആണ് കരളിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫ. ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. എലിവിഷം അമിതമായ അളവിലാണ് ഉള്ളില്‍ ചെന്നതെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി ഉടന്‍ മരിക്കും. എന്നാല്‍ കുറഞ്ഞ അളവിലാണ് ഉള്ളില്‍ചെല്ലുന്നതെങ്കില്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. ഇതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ 48 മണിക്കൂര്‍വരെ എടുക്കും. ഇതുമൂലം പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും പ്രശ്നം കണ്ടുപിടിക്കാന്‍ കഴിയില്ല.
എലിവിഷം ഉള്ളില്‍ചെന്ന് എത്തുന്നവര്‍ ചികിത്സകഴിഞ്ഞ് കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടാലും പിന്നീട് കരളിന് പ്രശ്നമുണ്ടാവാം. കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ബോധരഹിതരായ അവസ്ഥയിലാണ് പലരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. എലിവിഷം ഉള്ളില്‍ചെല്ലുന്നവരില്‍ ഭൂരിഭാഗംപേരും ആത്മഹത്യക്ക് ശ്രമിക്കുന്നവരാണ്. കേരളത്തില്‍ കരള്‍രോഗം വര്‍ധിക്കുന്നതിന് പ്രധാന കാരണം മദ്യപാനംതന്നെയാണ്. മദ്യം കുറഞ്ഞയളവില്‍ കഴിക്കുന്നവര്‍ക്കുപോലും കരള്‍രോഗം വരാം. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കരള്‍രോഗത്തിനുള്ള സാധ്യത കൂടുതലാണ്.
കേരളത്തില്‍ ആകെയുള്ള കരള്‍രോഗികളില്‍ 35 ശതമാനത്തോളംപേര്‍ മദ്യപാനികളാണ്. 50 ശതമാനത്തോളം നഷ്ടപ്പെട്ടാല്‍പോലും പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍. മുഴുവന്‍ പ്രവര്‍ത്തനം നിലച്ചാലും വീണ്ടും പുനരുദ്ധാരണത്തിനുള്ള കഴിവ് കരളിനുണ്ട്. ഇതിന് സമയം ആവശ്യമാണ്. എന്നാല്‍ ഇതിന് കാത്തിരുന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകും. വൃക്കരോഗികള്‍ക്കാണെങ്കില്‍ ഡയാലിസിസ് പോലുള്ള ജീവന്‍രക്ഷാമാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കരളിന് ഇതില്ല. കരളിന്റെ പുനരുദ്ധാരണത്തിനായി ഡയാലിസിസിനു തുല്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ കരള്‍മാറ്റിവയ്ക്കല്‍ നല്ലൊരു ശതമാനത്തോളം കുറയ്ക്കാനാകും. അമൃത ആശുപത്രിയും ഇത്തരം ഗവേഷണങ്ങളില്‍ പങ്കാളിത്തംവഹിക്കുന്നുണ്ടെന്ന് ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു.
- See more at: http://www.deshabhimani.com/newscontent.php?id=279963#sthash.FAQZ1Zva.dpuf
No comments:
Post a Comment