Thursday, April 25, 2013

ആഹാരം


(Courtesy : http://www.deshabhimani.com/newscontent.php?id=241797) വില്ലന്മാര്‍: കൊഴുപ്പ്, വിരുദ്ധാഹാരം ആര്യനാട് മോഹനന്‍ Posted on: 21-Dec-2012 12:07 PM ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം എത്ര പ്രാധാന്യം അര്‍ഹിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ആഹാരം എപ്പോള്‍, എങ്ങനെ ഏത് തരത്തില്‍ എന്നൊക്കെ ആര് ചിന്തിക്കുന്നു? അതിനുമുണ്ട് ക്രമം. ഭക്ഷണത്തിലെ ചിട്ടയും ശീലവും ആരോഗ്യത്തെ സ്വാധീനിക്കുന്നു. അമിതവും ഹീനവുമായ ഭക്ഷണം ശരീരത്തിന് ദോഷംചെയ്യും. ഭക്ഷണം ആവശ്യത്തിന് കഴിക്കുക. വിശപ്പ് മാറിയാല്‍ ആഹാരം മതിയാക്കാം. ആമാശയത്തിന്റെ പകുതി മാത്രമേ ഭക്ഷണ നിറയ്ക്കേണ്ടതുള്ളൂ. ബാക്കി കാല്‍ഭാഗം വെള്ളം വേണം. പിന്നീടുള്ള കാല്‍ഭാഗം ഒഴിച്ചിടണം. ഒരിക്കല്‍ കഴിച്ച ആഹാരം ദഹിച്ചശേഷം മാത്രമേ അടുത്തത് കഴിക്കാവൂ. ഒരുദിവസം മൂന്നുനേരത്തെ ഭക്ഷണത്തിന്റെ ആവശ്യകതയേയുള്ളൂ. ശരീരത്തിനാവശ്യമായ ഒരുദിവസത്തെ ഊര്‍ജത്തിന്റെ പ്രധാന ഭാഗം ലഭിക്കേണ്ടത് പ്രഭാതഭക്ഷണത്തില്‍നിന്നാണ്. ബാക്കിയുള്ളതിന്റെ മുപ്പത് ശതമാനം ഉച്ചഭക്ഷണത്തില്‍നിന്നാവാം. അതില്‍ പോഷകങ്ങളും ജീവകങ്ങളുമടങ്ങിയ ആഹാരപദാര്‍ഥങ്ങള്‍ പരമാവധി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. രാത്രി ഭക്ഷണം കുറച്ചുമതി. രാത്രി പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുക. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ നിങ്ങള്‍ക്ക്? ആഹാരം കഴിക്കുന്നതിനുമുമ്പ് സ്വയം ചോദിക്കുക. എനിക്ക് വിശക്കുന്നുണ്ടോ? ഇപ്പോള്‍ ഭക്ഷണത്തിന്റെ ആവശ്യമുണ്ടോ? അഥവാ കഴിക്കണമെന്ന് തോന്നിയാലും അത് സാലഡുകളോ പഴച്ചാറുകളോ ആക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും കൊഴുപ്പ് അവശ്യഘടകമാണ്. എന്നാല്‍, അതിനുവേണ്ടി കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ നമ്മള്‍ വാരിവലിച്ച് കഴിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും. ജീവിതശൈലീ രോഗങ്ങളുടെ അടിസ്ഥാനകാരണം കൊഴുപ്പാണ്. ഫാസ്റ്റ്ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം മാത്രമാണ് ഇന്നത്തെ പല രോഗങ്ങള്‍ക്കും കാരണം. ശരീരത്തിന് ആവശ്യമായതിന്റെ എത്രയോ ഇരട്ടി കൊഴുപ്പാണ് നാം ഒരോ നേരവും അകത്താക്കുന്നത്. കൊഴുപ്പ് പലതരത്തിലുണ്ട്. ശാരീരികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈസ് എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. കൊളസ്ട്രോളില്‍ നല്ലതും ചീത്തയുമുണ്ട്. സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ ചീത്ത കൊളസ്ട്രോളാണ്. അതാണ് രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് അടിഞ്ഞുകൂടുന്നത്. രക്തക്കുഴലിന്റെ സങ്കോചത്തിനും രക്തയോട്ടം കുറയാനും ഇത് കാരണമാകുന്നു. സാന്ദ്രത കൂടിയ എച്ച്ഡിഎല്‍ ധമനികളില്‍ അടിയുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കും. കൃത്യമായി വ്യായാമം ചെയ്യുന്നതുവഴി എച്ച്ഡിഎല്ലിന്റെ അളവ് കൂടും. കൊഴുപ്പ് കൂടുതലുള്ള ഇറച്ചി, മുട്ട, വെണ്ണ, നെയ്യ്, പാല്‍ എന്നിവ പരമാവധി ഒഴിവാക്കുക. നാര് കൂടുതലുള്ള ഭക്ഷണം കൊഴുപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊഴുപ്പിനെ നിയന്ത്രിക്കാം. ആഹാരത്തില്‍ പരസ്പരം ചേരാത്തവയുണ്ട്. ഇവ അറിഞ്ഞ് ഒഴിവാക്കുക. മീന്‍-മോര്, തൈര്-പഴം, തൈര്-ഇറച്ചി എന്നിവ ഹാനികരമായ ഭക്ഷണശീലമാണ്. നിറഞ്ഞ മനസ്സോടെയും സന്തോഷത്തോടെയും വേണം ഭക്ഷണത്തെ സമീപിക്കാന്‍. ആഹാരത്തോടുള്ള വിനയവും പ്രധാനമാണെന്ന് വിശ്വസിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. സംഘര്‍ഷമുള്ള വിഷയങ്ങളോ കാര്യങ്ങളോ ഭക്ഷണത്തിന് മുമ്പിലിരിക്കുമ്പോള്‍ ചര്‍ച്ചയ്ക്കെടുക്കരുത്. ഓഫീസ് കാര്യങ്ങളും അവിടത്തെ സംഘര്‍ഷങ്ങളും ഭക്ഷണസമയത്ത് ചര്‍ച്ചയ്ക്കെടുക്കുന്നത് ചിലരുടെ ശീലമാണ്. ഇത് നല്ലതല്ല. രുചിയെപ്പറ്റി കുറ്റപ്പെടുത്തിയും പരിഹസിച്ച് സംസാരിക്കുന്നതും ശരിയല്ല. ഭാര്യയെ കുറ്റപ്പെടുത്താനും കളിയാക്കാനുമുള്ള വേദിയാക്കി തീന്‍മേശയെ മാറ്റരുത്. പിന്നെയവര്‍ക്ക് സന്തോഷത്തോടെ ഭക്ഷണം കഴിക്കാനാകുമോയെന്ന് ചിന്തിച്ചുനോക്കൂ. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഭക്ഷണത്തിനുശേഷം സ്നേഹത്തോടെ പറയാം. - See more at: http://www.deshabhimani.com/newscontent.php?id=241797#sthash.F88M8JQL.dpuf

കരളിന് വില്ലനായി എലിവിഷവും


(Courtesy : http://www.deshabhimani.com/newscontent.php?id=279963) അഞ്ജുനാഥ് Posted on: 26-Mar-2013 09:49 AM കൊച്ചി: കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ എലിവിഷം പ്രധാന കാരണമാകുന്നു. ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2006 മുതല്‍ 2013 വരെ കരള്‍രോഗവുമായി ആശുപത്രിയിലെത്തിയവരില്‍ 96 പേര്‍ അറിഞ്ഞോ അറിയാതെയോ എലിവിഷം ഉള്ളില്‍ചെന്നവരാണ്. ഇതില്‍ നല്ലൊരു ശതമാനവും മരിച്ചു. പതിനൊന്നുപേര്‍ക്ക് കരള്‍ മാറ്റിവയ്ക്കലും വേണ്ടിവന്നു. ഇതില്‍ 10 പേര്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നു. എലിവിഷത്തില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്ഫൈഡ് ആണ് കരളിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോ സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫ. ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. എലിവിഷം അമിതമായ അളവിലാണ് ഉള്ളില്‍ ചെന്നതെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായി ഉടന്‍ മരിക്കും. എന്നാല്‍ കുറഞ്ഞ അളവിലാണ് ഉള്ളില്‍ചെല്ലുന്നതെങ്കില്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെയാവും ബാധിക്കുക. ഇതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ 48 മണിക്കൂര്‍വരെ എടുക്കും. ഇതുമൂലം പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും പ്രശ്നം കണ്ടുപിടിക്കാന്‍ കഴിയില്ല. എലിവിഷം ഉള്ളില്‍ചെന്ന് എത്തുന്നവര്‍ ചികിത്സകഴിഞ്ഞ് കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടാലും പിന്നീട് കരളിന് പ്രശ്നമുണ്ടാവാം. കരളിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ട് ബോധരഹിതരായ അവസ്ഥയിലാണ് പലരെയും ആശുപത്രിയില്‍ എത്തിക്കുന്നത്. എലിവിഷം ഉള്ളില്‍ചെല്ലുന്നവരില്‍ ഭൂരിഭാഗംപേരും ആത്മഹത്യക്ക് ശ്രമിക്കുന്നവരാണ്. കേരളത്തില്‍ കരള്‍രോഗം വര്‍ധിക്കുന്നതിന് പ്രധാന കാരണം മദ്യപാനംതന്നെയാണ്. മദ്യം കുറഞ്ഞയളവില്‍ കഴിക്കുന്നവര്‍ക്കുപോലും കരള്‍രോഗം വരാം. മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് കരള്‍രോഗത്തിനുള്ള സാധ്യത കൂടുതലാണ്. കേരളത്തില്‍ ആകെയുള്ള കരള്‍രോഗികളില്‍ 35 ശതമാനത്തോളംപേര്‍ മദ്യപാനികളാണ്. 50 ശതമാനത്തോളം നഷ്ടപ്പെട്ടാല്‍പോലും പ്രവര്‍ത്തിക്കുന്ന അവയവമാണ് കരള്‍. മുഴുവന്‍ പ്രവര്‍ത്തനം നിലച്ചാലും വീണ്ടും പുനരുദ്ധാരണത്തിനുള്ള കഴിവ് കരളിനുണ്ട്. ഇതിന് സമയം ആവശ്യമാണ്. എന്നാല്‍ ഇതിന് കാത്തിരുന്നാല്‍ രോഗിയുടെ ജീവന്‍ അപകടത്തിലാകും. വൃക്കരോഗികള്‍ക്കാണെങ്കില്‍ ഡയാലിസിസ് പോലുള്ള ജീവന്‍രക്ഷാമാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ കരളിന് ഇതില്ല. കരളിന്റെ പുനരുദ്ധാരണത്തിനായി ഡയാലിസിസിനു തുല്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ കരള്‍മാറ്റിവയ്ക്കല്‍ നല്ലൊരു ശതമാനത്തോളം കുറയ്ക്കാനാകും. അമൃത ആശുപത്രിയും ഇത്തരം ഗവേഷണങ്ങളില്‍ പങ്കാളിത്തംവഹിക്കുന്നുണ്ടെന്ന് ഡോ. എസ് സുധീന്ദ്രന്‍ പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=279963#sthash.FAQZ1Zva.dpuf

ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച് രക്തസമ്മര്‍ദ്ദം കുറയ്ക്കാം


(Courtesy : http://www.deshabhimani.com/newscontent.php?id=288467) Posted on: 19-Apr-2013 09:56 AM ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാമെന്ന് ലണ്ടന്‍ മെഡിക്കല്‍ സ്കൂളിലെ ഇന്ത്യന്‍ വംശജ അമൃത അഹ്ലുവാലിയയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം കണ്ടെത്തി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലില്‍ ഗവേഷക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബീറ്റ്റൂട്ടിലെ നൈട്രേറ്റ് ശരീരത്തിലെത്തി നൈട്രിക് ഓക്സൈഡായി മാറുന്നു. നൈട്രിക് ഓക്സൈഡ് രക്തധമനികളുടെ വികാസത്തിന് കാരണമാകുകയും രക്തചക്രമണം സുഗമമാക്കുമെന്നും ഇത് രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കുമെന്നുമാണ് പഠനം. - See more at: http://www.deshabhimani.com/newscontent.php?id=288467#sthash.EBYXTIQJ.dpuf

ഉദരപ്രശ്നങ്ങള്‍ക്ക് പരിഹാരമായി മല്ലിയില


(Courtesy: http://www.deshabhimani.com/newscontent.php?id=290817) Posted on: 25-Apr-2013 10:31 AM ഉദയപ്രശ്നങ്ങള്‍ക്ക് മികച്ച ഔഷധമാണ് മല്ലിയില. കറികള്‍ അലങ്കരിക്കാനായി ചേര്‍ക്കുന്ന മല്ലിയിലയില്‍ നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫ്ളവനോയിഡ് തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു. ദഹനം എളുപ്പമാക്കാനും ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാനും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാന്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കാനും മല്ലിയിലയിലടങ്ങിയിരിക്കുന്ന ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. - See more at: http://www.deshabhimani.com/newscontent.php?id=290817#sthash.KlSCzvjQ.dpuf

സ്ഥിരമായ ആസ്പിരിന്‍ ഉപയോഗം അന്ധത കൂട്ടും


(Courtesy : Deshabhimani : http://www.deshabhimani.com/newscontent.php?id=242981) Posted on: 24-Dec-2012 03:31 PM ലണ്ടന്‍: തുടര്‍ച്ചയായി ആസ്പിരിന്‍ ഉപയോഗിക്കുന്നത് അന്ധതക്ക് കാരണമാകുമെന്ന് പഠനം. വിസ്കോസിന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തം നടത്തിയത്. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അന്ധതയെക്കുറിച്ചുള്ള പഠനമാണ് അവരെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിക്കാന്‍ കാരണം. - See more at: http://www.deshabhimani.com/newscontent.php?id=242981#sthash.6yYKctpb.dpuf

Sunday, April 7, 2013

കേരളം മരുന്നുതീനികളുടെ നാട്: ശ്രീമതി ടീച്ചര്‍


(Courtesy : Deshabhimani : Posted on: 07-Apr-2013 10:55 PM) കൊച്ചി: മരുന്നുതിന്ന് ജീവിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. മരുന്നിന്റെ ഉപഭോഗം വര്‍ധിച്ചു. യുവതലമുറ കൂടുതലായി മരുന്ന് ഉപയോഗിക്കുന്ന സ്ഥിതിയായി. ഡോ. ബി ഇക്ബാല്‍ എഴുതിയ "ഇന്ത്യന്‍ ഔഷധമേഖല ഇന്നലെ ഇന്ന്" എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. കേരളീയര്‍ മരുന്ന് ഭക്ഷണംപോലെയാണ് ഉപയോഗിക്കുന്നത്. അതിനനുസരിച്ച് മരുന്നിന്റെ പേരിലുള്ള ചൂഷണവും വര്‍ധിച്ചു. വികസിത രാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകള്‍വരെ ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഔഷധവിപണിയായി ഇന്ത്യയെ മാറ്റിയിക്കുകയാണ്. ജീവന്‍ കൊടുക്കാനുള്ള മരുന്ന് മനുഷ്യന്റെ നാശത്തിലേക്ക് വഴിതെളിക്കുന്ന സ്ഥിതിയാണുള്ളത്. മരുന്ന് നിരോധിക്കപ്പെടേണ്ടതാണെന്ന വസ്തുത ആശങ്കാജനകമാണ്. മരുന്നിന്റെ ഗുണനിലവാരത്തകര്‍ച്ചയാണ് ഇതു സൂചിപ്പിക്കുന്നത്. മനുഷ്യന് ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതുപോലെ ആവശ്യമായ മരുന്ന് ലഭ്യക്കാനുള്ള സാഹചര്യവും ഉറപ്പാക്കണം. ജനറിക് മരുന്നുകളുടെ സൗജന്യവിതരണം പ്രഖ്യാപനം മാത്രമായി ഒതുങ്ങി. സൗജന്യനിരക്കില്‍ മരുന്ന് വിതരണംചെയ്യാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. സാധാരണക്കാര്‍ക്ക് സൗജന്യമായി മരുന്നും ചികിത്സയും ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന് തല്‍സ്ഥാനത്തു തുടരാന്‍ അവകാശമില്ലെന്നും ശ്രീമതി പറഞ്ഞു. ഔഷധമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുസ്തകം പ്രകാശനംചെയ്ത് പറഞ്ഞു. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസാധനംചെയ്ത പുസ്തകത്തിന്റെ ആദ്യ വില്‍പ്പന ഡോ. സി കെ രാമചന്ദ്രനു നല്‍കി ഡോ. സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. വേണുഗോപാല്‍ രാജ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ എസ് ഡേവിഡ് സംസാരിച്ചു. എം കെ പ്രസാദ് അധ്യക്ഷനായി. കാവുമ്പായി ബാലകൃഷ്ണന്‍ സ്വാഗതവും ടി കെ ദേവരാജന്‍ നന്ദിയും പറഞ്ഞു. - See more at: http://www.deshabhimani.com/newscontent.php?id=284331#sthash.ieK7t6Si.dpuf

കേരളത്തില്‍ കുട്ടികളിലടക്കം രക്താതിസമ്മര്‍ദ്ദം ഏറുന്നു


(Courtesy Deshabhimani : Posted on: 07-Apr-2013 10:33 PM) കൊച്ചി: കേരളത്തിലെ കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനഭാരവും വ്യായാമക്കുറവും ഉപ്പ് അധികമുള്ള ഭക്ഷണവും കുട്ടികളില്‍ രക്താതിസമ്മര്‍ദം കൂടാന്‍ കാരണമാകുന്നുണ്ട്. പെണ്‍കുട്ടികളില്‍ 90 ശതമാനവും ആണ്‍കുട്ടികളില്‍ 80 ശതമാനവും തുടര്‍ച്ചയായി അഞ്ചു മിനിറ്റ്വ്യായാമംചെയ്യാന്‍ കഴിയാത്തവരാണ്. ഇതില്‍ പകുതിയിലധികവും രക്താതിസമ്മര്‍ദം ഉള്ളവരുമാണെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഭാരവാഹിയും ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ ഹൃദ്രോഗവിദഗ്ധനുമായ ഡോ. എസ് ശിവശങ്കരന്‍ പറഞ്ഞു. കേരളീയര്‍ ശരീരത്തിന് ആവശ്യമുള്ളതിന്റെ ആറുമുതല്‍ ഏഴിരട്ടിവരെ ഉപ്പ് അധികമായി ഉപയോഗിക്കുന്നു. മുതിര്‍ന്ന ഒരാള്‍ പരമാവധി അഞ്ചുഗ്രാം ഉപ്പു മാത്രമേ ഒരു ദിവസം ഉപയോഗിക്കാവൂ. എന്നാല്‍ കേരളത്തില്‍ മുതിര്‍ന്ന ഒരാള്‍ ദിവസവും 25 മുതല്‍ 35 ഗ്രാം വരെ ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവരില്‍ 30.5 ശതമാനംപേരിലും ഉപ്പിന്റെ അമിതോപയോഗംമൂലം രക്താതിസമ്മര്‍ദം ഉണ്ടാവുകയും ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, ആമാശയക്യാന്‍സര്‍, ആസ്ത്മ എന്നിവയുണ്ടാകുയും ചെയ്യുന്നു. 30 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 35 മുതല്‍ 40 ശതമാനംവരെയുള്ളവര്‍ക്ക് രക്താതിസമ്മര്‍ദമുണ്ട്. സംസ്കരിച്ച ഭക്ഷണപദാര്‍ഥങ്ങള്‍, നൂഡില്‍സ്, ഉപ്പിലിട്ടത്, അച്ചാര്‍, പപ്പടം, ഉപ്പിന്റെ അംഗം കൂടിയ വറുത്ത ഭക്ഷണം, സംസ്കരിച്ച ഇറച്ചി, അമോണിയം കലര്‍ത്തിയ മത്സ്യം എന്നിവയുടെ ഉപയോഗത്തിലൂടയാണ് ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത്. ഇത്തരം ഭക്ഷണപദാര്‍ഥങ്ങളുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇതാണ് രക്താതിസമ്മര്‍ദം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണം. ഉപ്പിന്റെയും ഉപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളുടെയും ഉപയോഗം കുറയ്ക്കുക, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മുളപ്പിച്ച ധാന്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, ദിവസവും വ്യായാമംചെയ്യുക എന്നിവയിലൂടെ രക്താതിസമ്മര്‍ദം തടയാന്‍ കഴിയും. - See more at: http://www.deshabhimani.com/newscontent.php?id=284257#sthash.R8RtljKr.dpuf