Wednesday, January 16, 2013

'അരോഗ്യശ്രീ' പഠന-ഗവേഷണ പരിപാടി ആരംഭിക്കുന്നു



അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, (ATPS), കൊച്ചി.

ആരോഗ്യ രംഗത്തു് പണാധിപത്യം കൊടികുത്തി വാഴുകയും ജനങ്ങളുടെ ആരോഗ്യം നിരന്തരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ചെലവു് കുറഞ്ഞ ജനകീയമായ ബദല്‍ ആരോഗ്യ ജീവിത രീതി ഉരുത്തിരിച്ചെടുക്കാനായി 'ജനകീയാരോഗ്യം' പഠന-ഗവേഷണ പദ്ധതി ആരംഭിക്കുന്നു.

പ്രാഥമിക ചര്‍ച്ചാ തലം

ആഹാരം, വ്യായാമം, വിശ്രമം, രോഗം, ചികിത്സ - ജനുവരി-ഫെബ്രുവരി, 2013

തുടര്‍ന്നു് പ്രത്യേക വിഷയങ്ങളില്‍ സംവാദങ്ങള്‍, വിവര ശേഖരണം, വിശകലനം, നിഗമനം, പ്രസിദ്ധീകരണം, തുടര്‍ ചര്‍ച്ച എന്നിങ്ങനെ വിവിധ തട്ടുകളിലായി ഈ പരിപാടി മുന്നോട്ടു് പോകും.

ആദ്യ ചര്‍ച്ച 08-01-2012 നു് ചൊവ്വാഴ്ച 5 മണിക്കു്

കെജിബോസ് ഭവനില്‍

(സദനം റോഡ്, എറണാകുളം സൌത്തു്)

"പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹത്തിലേയ്ക്കു്"

ഡോ. ജേക്കബ് വടക്കന്‍ചേരി

(പ്രമുഖ ഗാന്ധിയന്‍, പ്രകൃതി ജീവന കേന്ദ്രങ്ങളുടെ (Nature Life International) സ്ഥാപകനും ഡയറക്ടറും. പീസ് ബ്രിഗേഡ് ഇന്റര്‍നാഷനലിന്റെ ഇന്ത്യാ കണ്‍വീനര്‍, കൊച്ചി ഗാന്ധി പീസ് ഫൌണ്ടേഷന്റെ ജോയിന്റു് സെക്രട്ടറി, കേരള ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍, നേച്ചര്‍ ലൈഫ് മാസികയുടെ എഡിറ്ററും പ്രസാധകനും തുടങ്ങി പല രംഗങ്ങളിലേയും സജീവ സാന്നിദ്ധ്യം)

താല്പര്യമുള്ളവര്‍ക്കെല്ലാം സ്വാഗതം.



ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്.

അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്.

എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്.

താഴെ പറയുന്ന പരിപാടികള്‍ തീര്‍ച്ചയായിട്ടുണ്ടു്.

ഡോ. കെ. പത്മപാദന്‍. ഇന്ത്യന്‍ ചികിത്സാ സമ്പ്രദായങ്ങളില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ചു് ഗവേഷണം നടത്തുന്നു. സര്‍ക്കാര്‍ കോളേജില്‍ നിന്നു് റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍. ജനകീയാരോഗ്യ പ്രവര്‍ത്തകന്‍. വിഷയം - തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രസക്തി. 15-01-2013. 5 മണി.

08-01-2013 നു് വൈകുന്നേരം 5 മണിക്കു് കെ ജി ബോസ് ഭവനില്‍ നടക്കുന്ന ആദ്യ സെമിനാര്‍ മുതല്‍ തുടര്‍ന്നു് നടക്കുന്ന സെമിനാറുകളിലും താല്പര്യമുള്ളവരെല്ലാം പങ്കെടുക്കണമെന്നും വ്യക്തിപരമായും സാമൂഹ്യമായും പ്രസക്തിയുള്ള ഈ പഠന-ഗവേഷണ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നുള്ള നാളുകളില്‍ മറ്റു് ചികിത്സാ സമ്പ്രദായങ്ങളുടെ വിദഗ്ദ്ധരുടേയും ക്ലാസുകള്‍ ഒരുക്കുന്നതാണു്.

ബാബു ഡൊമിനിക്

ഡയറക്ടര്‍, എടിപിഎസ്

01-01-2013.

No comments:

Post a Comment