Wednesday, January 23, 2013

പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹം - ഡോ. ജേക്കബ് വടക്കന്‍ചേരി



അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം

Appropriate Technology Promotion Society (ATPS)

ER-419/2001, Kochi.

പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹം

- ഡോ ജേക്കബ് വടക്കന്‍ചേരിയുടെ പ്രഭാഷണം -

(08-01-2013, 5 PM, 'ആരോഗ്യശ്രീ' പഠന സെമിനാര്‍, കെജിബോസ് ഭവന്‍)

ഹൃദ്രോഗം : പ്രകൃതി ചികിത്സാരീതി അലോപ്പതിക്കാരും അംഗീകരിക്കുന്നു   

പ്രകൃതിചികിത്സകര്‍ പറയുന്ന പല കാര്യങ്ങളും ആദ്യം കളിയാക്കപ്പെടാറാണ് പതിവ്. വഴിയെ അത് ശാസ്ത്രീയമാണെന്ന് ബോധ്യപ്പെടുന്നു. ഉദാഹരണം, 5/11/2012 ന് മാതൃഭൂമി, കണ്ണൂര്‍ എഡിഷന്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്  "ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ വെയില്‍ കൊള്ളുന്നത്‌  നല്ലത്" എന്ന് ഗവേഷണഫലങ്ങള്‍ കാണിക്കുന്നു എന്നാണു്. ഹൃദ്രോഗ വിദഗ്ദ്ധരുടെ സംഘടനയായ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന സമ്മേളനത്തിന്റേതാണു് ഈ വിലയിരുത്തല്‍. (റിപ്പോര്‍ടു് അനുബന്ധമായി ചേര്‍ക്കുന്നു) ഇത് കാലങ്ങളായി പ്രകൃതിചികിത്സക്കാര്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യമാണു്. പ്രകൃതിചികിത്സാകേന്ദ്രങ്ങളില്‍ രാവിലെ വെയില്‍ കൊള്ളുക എന്നത് ഒരു നിത്യവൃത്തിയാണു്. ഹൃദ്രോഗത്തിന്റെ അടിസ്ഥാനകാരണങ്ങളിലൊന്നു് രക്തത്തില്‍ കൊഴുപ്പടിയുന്നതാണു്. (Cholestrol). രക്തത്തില്‍ കൊഴുപ്പു് കൂടുന്നതു് ആനാരോഗ്യകരമായ ഭക്ഷണ രീതികൊണ്ടാണു്. വെയില്‍ കൊള്ളുക വഴി കൊഴുപ്പു് അലിയിപ്പിച്ചു് കളയാന്‍ കഴിയും. അപ്പോള്‍ ഭക്ഷണത്തിന്റേയും അതു് മൂലം രക്തത്തിന്റേയും കുറ്റത്തിനു് കുറ്റക്കാരനല്ലാത്ത ഹൃദയത്തെ എന്തിനു് വെട്ടി മുറിക്കുന്നു ? ശാസ്ത്രീയത എന്നാല്‍ ഇതു് പോലെ യുക്തിയില്‍ അധിഷ്ഠിതമായിരിക്കണം. ആഞ്ജിയോപ്ലാസ്റ്റി (Angioplasty) ചെയ്യുക എന്നാല്‍ ശരീരത്തില്‍ ഒരു ബാഹ്യ വസ്തു (Foreign Body) സ്ഥാപിക്കുക എന്നതാണു്. ഇവിടെ ഉപയോഗിക്കുന്ന 'Stent' പലതും അമേരിക്കയില്‍ കരിമ്പട്ടികയില്‍ (Black List) പെടുത്തപ്പെടുത്തിയിട്ടുള്ളവയാണു്. ഇത്തരം ബാഹ്യ വസ്തുക്കളെ ശരീരം പുറത്തു് കളയാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. (അതു് തടയാന്‍ വേറെ മരുന്നു് കൊടുത്തു് ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനം തടയും.) പഞ്ചര്‍ ഒട്ടിച്ച ട്യൂബ് പോലെയാണു് 'stent' വെച്ച ഹൃദയം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു് താളപ്പിഴ അനുഭവപ്പെടും. ഒന്നര വര്‍ഷം കൊണ്ടു് അടുത്ത 'stent' വെയ്ക്കുക എന്നതായിരിക്കും ഫലം.

രക്താതിസമ്മര്‍ദം

  രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സയിലും ഇതു് പോലെ തെറ്റായ സമീപനം കാണാന്‍ കഴിയും. രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ കാരണമല്ല അന്വേഷിക്കുന്നതു്. രക്തക്കുഴലുകളെ വികസിപ്പിക്കാനാണു് മരുന്നു് നല്‍കുന്നതു്. ഇതു് ഹൃദയത്തേയും വികസിപ്പിക്കും. 159/109 വരേയുള്ള രക്തസമ്മര്‍ദ്ദത്തിനു് സാധാരണ ഗതിയില്‍ മരുന്നു് കഴിക്കേണ്ടതില്ല. മൂന്നു് മാസം രക്തസമ്മര്‍ദ്ദം നിരീക്ഷിക്കുകയും ഭക്ഷണ-വ്യായാമ ക്രമീകരണങ്ങള്‍ ചെയ്യുകയും എന്നിട്ടും കൂടി നില്‍ക്കുന്നുണ്ടെങ്കില്‍ മാത്രം ചികിത്സ ചെയ്യുകയുമാണു് വേണ്ടതു്.

രോഗാണുക്കളോ ?

അണുക്കളേക്കുറിച്ചു് പഠിക്കുന്നതു് ബയോളജിസ്റ്റുകളാണു്. അവര്‍ അണുക്കളില്‍ രോഗാണുക്കള്‍ എന്ന ഒരു വര്‍ഗ്ഗീകരണം നടത്തിയിട്ടില്ല. മെഡിക്കല്‍ ശാസ്ത്രജ്ഞരാണു് രോഗാണുക്കള്‍ എന്ന വര്‍ഗ്ഗീകരണം നടത്തിയിട്ടുള്ളതു്. കേവലമായ രോഗാണുക്കള്‍ ഇല്ല എന്നതാണു് പ്രകൃതി ജീവനക്കാരുടെ വാദം. അണുക്കള്‍ ഏതു് സാഹചര്യത്തില്‍ കിടക്കുന്നുവോ ആ സാഹചര്യത്തിലേക്കു് രൂപം മാറുന്നു. അഴുക്കു് നിറഞ്ഞ പദാര്‍ത്ഥത്തില്‍ പെട്ടു് രൂപം മാറുന്ന അണുവിനെ ശുദ്ധ പദാര്‍ത്ഥത്തിലിട്ടാല്‍ അതനുസരിച്ചു് രൂപം മാറുകയായി. 'ആന്റണി ബിഷാന്ത്' എന്ന ശാസ്ത്രജ്ഞന്‍ നിരവധി പരീക്ഷണങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണു്.

അണുക്കള്‍ പെരുകാന്‍ അനുവദിക്കുന്ന ശരീരത്തിന്റെ അവസ്ഥയാണു് രോഗം ഉണ്ടാക്കുന്നതു്. കൊതുകു് മന്തു് പരത്തുന്നു എന്ന വാദം നോക്കുക. ഒരു വീട്ടില്‍ നാലു് അംഗങ്ങളുണ്ടെങ്കില്‍ കൊതുകു് തീര്‍ച്ചയായും നാലു് പേരേയും കടിച്ചിരിക്കും. കുടുംബത്തില്‍ എല്ലാവര്‍ക്കും അപ്പോള്‍ മന്തു് വരേണ്ടതല്ലേ ? അത്തരം കുടുംബങ്ങള്‍ ഉണ്ടോ ? അതു് പോലെ കൊതുകു് കടി ധാരാളമായി ഏല്കുന്ന ജയില്‍ വാസികള്‍ക്കു് മന്തു് പടര്‍ന്നു് പിടിക്കുന്നില്ല. ഏറ്റവും കൂടുതല്‍ കൊതുകുകടി ഏല്കുന്നവരില്‍ വഴിവക്കില്‍ കുടന്നുറങ്ങുന്ന യാചകരുണ്ടു്. ചിക്കന്‍ ഗുനിയയും മറ്റു് കൊതുകു് ജന്യ രോഗങ്ങളും കൊണ്ടു് അവരെല്ലാം ചെറുപ്പത്തിലേ മരിച്ചു് പോകേണ്ടതല്ലേ ? അലോപ്പതിക്കാരുടെ രോഗ സിദ്ധാന്തങ്ങള്‍ക്കെല്ലാം എതിരായിട്ടാണു് വഴിവക്കുകളിലെ ഭ്രാന്തന്മാരുടെ ജീവിതം. കുളിക്കില്ല, പല്ലു് തേക്കില്ല, അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിക്കില്ല, ശോധന കഴിഞ്ഞാല്‍ കഴുകുക പോലുമില്ല. പോഷകാഹാരങ്ങള്‍ കഴിക്കുന്നതേയില്ല. എന്നിട്ടും ഭ്രാന്തന്മാര്‍ക്കു് അണു ജന്യ രോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുന്നില്ല. ഒരു ഭ്രാന്തനെ പിടിച്ചു് കെട്ടാന്‍ അഞ്ചെട്ടു് പേരെങ്കിലും വേണം. എവിടുന്നാണീ ഊര്‍ജ്ജം ? എന്തേ രോഗാണുക്കള്‍ ഭ്രാന്തനോടു് തോല്കുന്നതു് ? അണുക്കള്‍ക്കു് ഗതികേടുണ്ടാക്കുന്ന വിധത്തിലുള്ള ശരീരത്തിന്റെ ദുരവസ്ഥയാണു് അടിസ്ഥാന പ്രശ്നം. അണുക്കളല്ല, അഴുക്കു് കെട്ടിക്കിടന്നു് ദുഷിക്കുന്ന ശരീരത്തിന്റേതാണു് പ്രശ്നം. ദുഷിച്ച ശരീരത്തില്‍ നിന്നും അണുക്കള്‍ക്കാണു് രോഗം പിടിക്കുന്നതു്. രോഗാണുക്കളല്ല, രോഗിയില്‍ നിന്നും അണുക്കള്‍ക്കു് രോഗം പിടിക്കുകയാണു്. രോഗമാണു് രോഗാണുക്കളെ ഉണ്ടാക്കുന്നതു്. ഇവിടെയാണു് പ്രകൃതി ജീവനവും ഭക്ഷണവും പ്രധാനമാകുന്നതു്.

ഒരു തരം കോശം മാത്രം

  ശരീരത്തെ ഒരൊറ്റ കോശമായി കാണുക എന്നതാണു് പ്രകൃതി ജീവനത്തിന്റെ സമീപനം. കോശം - കല – അവയവം - വ്യവസ്ഥകള്‍ - ശരീരം എന്നീ ക്രമത്തില്‍ വികസിക്കുകയാണു്. മനുഷ്യ ശരീരത്തില്‍ 100 ട്രില്യണ്‍ കോശങ്ങള്‍ ഉണ്ടെന്നു് ആധുനിക ശാസ്ത്രം പറയുന്നു. ഈ നൂറു് ട്രില്ല്യന്‍ കോശങ്ങളും ഒരൊറ്റ ബീജ കോശത്തിന്റേയും അണ്ഡകോശത്തിന്റേയും സംയോഗം വഴി ഉണ്ടാകുന്ന ഭ്രൂണകോശം പിളര്‍ന്നു് വളര്‍ന്നുണ്ടായവയാണു്. എല്ലാ കോശങ്ങളും ആദ്യ കോശങ്ങളുടെ മക്കള്‍ കോശങ്ങളാണു്. ഹൃദയമായിരിക്കുന്നതും കരളായിരിക്കുന്നതുമെല്ലാം ഇങ്ങിനെയുണ്ടാകുന്ന കോശങ്ങളാണു്.

ഒരാളുടെ ശരീരത്തില്‍ നിന്നു് ഒരു ട്രില്ല്യന്‍ കോശങ്ങള്‍ പെറുക്കിമാറ്റിയാല്‍ പിന്നെ കരളും ഹൃദയവും കുടലും ബാക്കിയുണ്ടാകുമോ ? എല്ലാം കോശനിര്‍മ്മിതമാണെങ്കില്‍, ശരീരത്തിന്റെ പ്രാഥമിക യൂണിറ്റു് കോശങ്ങളാണെങ്കില്‍, ശരീരത്തിലെ ഏതൊരു അവയവത്തിന്റേയും കേടിന്റെ കാരണം കോശത്തിന്റെ വൈകല്യമല്ലേ ? കാര്‍ഡിയോളജിസ്റ്റു്, നെഫ്രോളജിസ്റ്റു് എന്നു് തുടങ്ങിയ വിഭജനങ്ങള്‍ ശാസ്ത്രീയമാണോ ? ഓരോ രോഗത്തിനും വേറേ വേറേ മരുന്നുകള്‍ എന്ന സമീപനം ശാസ്ത്രീയമാണോ ?

ത്വക്കിലെ കോശങ്ങള്‍ ജീവിക്കുന്നതു് 30 ദിവസം മാത്രമാണു്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ 120 ദിവസവും വെളുത്ത രക്താണുക്കള്‍ 20 ദിവസവും പ്ലേറ്റു്ലെറ്റുകള്‍ 8 ദിവസവും ജീവിക്കുന്നു. തലച്ചോര്‍ ഒഴികെയുള്ള എല്ലാ കോശങ്ങളും ഇപ്രകാരം മരിക്കുകയും പുതിയവ ജനിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നു് ആധുനിക ശാസ്ത്രം പറയുന്നു.

കോശങ്ങള്‍ക്കു് സ്വയം കേടു് നീക്കാനറിയാമെന്നും സെല്‍ ബയോളജി ഗ്രന്ഥങ്ങള്‍ പറയുന്നു. നിരന്തരം സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന ശരീരത്തിനു് പുറത്തു് നിന്നുള്ള രോഗ ചികിത്സയുടെ ആവശ്യം എന്താണു് ?

ചത്തു് പോകുന്ന കോശങ്ങള്‍ അല്പമാത്ര പ്രോട്ടീന്‍ മാത്രമേ കൊണ്ടു് പോകുന്നുള്ളെന്നും ബാക്കിയുള്ളതെല്ലാം ശരീരത്തിനു് തിരികെ നല്കുമെന്നും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പറയുന്നു. ശരീരം നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു എന്ന വാദത്തെ എങ്ങനെ ഖണ്ഡിക്കും ? സ്വയം ജനിച്ചു് സ്വയം വളര്‍ന്നു് സ്വയം മരിക്കുന്ന ശരീരത്തിനു് സ്വയം തിരുത്താനും അറിയാം എന്നു് നാം മനസിലാക്കണം. തലവേദന വന്നു് ഛര്‍ദ്ദിക്കുമ്പോള്‍ ഭാവിയില്‍ വരാവുന്ന കാന്‍സറിനുള്ള കാരണമാകാം പുറത്തു് പോകുന്നതു്. പ്രാണനു് പ്രവര്‍ത്തിക്കാനുള്ള തടസ്സം നീക്കുക എന്നതാണു് ശരി. അലോപ്പതിയുടെ അടിസ്ഥാന തത്വശാസ്ത്രം തന്നെ 'കൊല്ലുക' എന്നതാണു്. (അണുക്കളെ കൊല്ലുക, കോശത്തെ കൊല്ലുക). പ്രപഞ്ചത്തിലെ എല്ലാ സൂക്ഷ്മ ജീവികളേയും ചെറു ജീവികളേയും കൊന്നു് 'സ്റ്റെറിലൈസ്ഡ്' പ്രപഞ്ചം ഉണ്ടാക്കിയാല്‍ മാത്രമേ മനുഷ്യനു് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുകയുള്ളോ ?

ഭക്ഷണത്തെക്കുറിച്ച് 

ഭക്ഷണം അസംസ്കൃത വസ്തുവും ശരീരം യന്ത്രവും ആരോഗ്യമുള്ള ജീവന്‍ ഉല്പന്നവുമാണു്. അസംസ്കൃത വസ്തു മോശമായാല്‍ ഉല്പന്നവും മോശമാകും. ആതാണു് ഭക്ഷണത്തിന്റെ പ്രാധാന്യം. വയറ്റില്‍ നിന്നു് പോകന്നതിന്റെ പരിശോധനയാണു് ഇംഗ്ലീഷ് ചികിത്സ നത്തുന്നതെങ്കില്‍ വയറ്റിലേയ്ക്കു് പോകുന്നതിന്റെ പരിശോധനയാണു് പ്രകൃതി ജീവനത്തില്‍ നടത്തുന്നതു്. ഭക്ഷണത്തെ മൂന്നായി തരം തിരിക്കാം.

1. ജീവനുള്ള ഭക്ഷണം - അതായതു് ജീവ തേജസ്സു് കിട്ടുന്ന ഭക്ഷണം. പഴം, പച്ചക്കറി

2. ചത്ത ഭക്ഷണം - അതായതു് പോഷകം മാത്രം കിട്ടുന്നതു്. വേവിച്ച ഭക്ഷണ സാധനങ്ങള്‍, ഇറച്ചി, മീന്‍ തുടങ്ങിയവ

3. പ്രേത ഭക്ഷണം - അതായതു് തേജസ്സു് ഊറ്റിക്കുടിക്കുന്നതു്. മദ്യം, പഞ്ചസാര തുടങ്ങിയവ.

ജീവനുള്ള ഭക്ഷണം പോഷകത്തോടൊപ്പം ജീവ തേജസ്സും നല്‍കുന്നു. ലാബോറട്ടറി പരിശോധനാഫല പ്രകാരം തക്കാളി എന്നാല്‍ പൊട്ടാസിയവും സോഡിയവും മറ്റു പല മൂലകങ്ങളുടേയും സംയുക്തങ്ങളും മിശ്രിതങ്ങളും മാത്രമാണു്. പ്രകൃതി ജീവനക്കാര്‍ അതില്‍ കൂടുതലായി ജീവതേജസ്സും കാണുന്നു. ഒരു തക്കാളിയുടെ ഉള്ളില്‍ ശാസ്ത്രം കാണുന്ന പോഷക ഘടകങ്ങളേക്കാള്‍ കൂടുതലായി ജീവന്റെ സൂക്ഷ്മാംശങ്ങളുമുണ്ടു്. അവ പറമ്പിലേയ്ക്കിട്ടാല്‍ അനേകം തക്കാളി ചെടികള്‍ക്കു് ജന്മം നല്‍കുന്ന ജീവന്‍. തക്കാളി പച്ചയ്ക്കു് കഴിക്കുന്നതോടെ ആ ജീവാംശം നമ്മുടെ ജീവാംശത്തിനു് കരുത്താകുകയാണു് ചെയ്യുന്നതു്.

ചില വടക്കന്‍ ജില്ലകളില്‍ നോമ്പിന്റെ കാലത്തു് ആശുപത്രികളില്‍ അഡ്മിഷന്‍ കുറയുന്നതായി പത്രവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടു്. ഭക്ഷണ ക്രമത്തിന്റെ പ്രാധാന്യത്തിലേയ്ക്കാണു് ഇതു് വിരല്‍ ചൂണ്ടുന്നതു്.

ആശുപത്രികളില്‍ രോഗികള്‍ക്കു് കൊടുത്തിരുന്ന മോഡേണ്‍ ബ്രഡ്ഡില്‍ മാരക രോഗങ്ങളും കാന്‍സറും ഉണ്ടാക്കിയിരുന്ന ട്രാന്‍സ്‌ഫാറ്റും പൊട്ടാസിയം ബ്രോമേറ്റും ഉണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഇവ ഒഴിവാക്കാമെന്നു് സമ്മതിച്ചു് 'യൂണീലിവര്‍' രേഖാമൂലമുള്ള ഉറപ്പാണു് നല്‍കിയതു്.

ഇന്നത്തെ ഇംഗ്ലീഷ് ചികിത്സ അതിന്റെ സ്വന്തം ധാര്‍മ്മികതയ്ക്കു് പോലും നിരക്കാത്തതായിരിക്കുന്നു. അതിന്റെ മെഡിക്കല്‍ ഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ പോലും അതു് മറച്ചു് വെയ്ക്കുന്നു, അവയ്ക്കു് വിപരീതമായി പ്രവര്‍ത്തിക്കുന്നു.

'Martindale - The Complete Drug Reference' എന്ന ഗ്രന്ഥത്തില്‍ പറയുന്നതു് പനി ഉണ്ടായാല്‍ 106 ഡിഗ്രി വരെ മരുന്നു് കഴിക്കുന്നതു് ശരിയല്ല എന്നാണു്. അതു് ഹൈപ്പോതലാമസിന്റെ (Hypothalamus) ചൂടു് നിയന്ത്രണ പ്രവര്‍ത്തന (thermo regulatory) ഫലമാണെന്നാണു്. അതിനു് ശേഷവും ചൂടു് കൂടിയാല്‍ അതു് ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനം നിലച്ചതിനാലാണു്. അതിനു് ഒരു മരുന്നും ഫലപ്രദമല്ല. ഐസ് വെള്ളത്തില്‍ എനിമ എടുക്കുക, തണുത്ത വെള്ളത്തില്‍ രോഗിയെ കിടത്തുക, ധാരാളം തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുക തുടങ്ങിയ ചികിത്സകളാണു് മറ്റു് കാരണങ്ങളില്ലാത്ത പനിക്കു് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനുമായി സഹകരിച്ചു് പ്രവര്‍ത്തിക്കുന്ന 'റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ് ഗ്രേറ്റു് ബ്രിട്ടന്‍' പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നതു്. പനിക്കു് പാരസെറ്റാമോള്‍ നല്‍കി ഉടന്‍ കുറയ്ക്കണമെന്നു് ഒരു മെഡിക്കല്‍ ടെക്സ്റ്റിലും പറയുന്നില്ല. പനിയുടെ അടിസ്ഥാന കാരണം കണ്ടു് പിടിച്ചു് അതു് പരിഹരിക്കുകയാണു് വേണ്ടതെന്നു് നിര്‍ദ്ദേശിക്കുന്നുമുണ്ടു്.

''കൂടി നില്‍ക്കുന്ന പനിയുടെ ചൂടില്‍ സിഫിലിസിന്റെ അണുക്കള്‍ ചത്തു് പോകുന്നതായി റിപ്പോര്‍ടുകളുണ്ടെന്നു്'' ആര്‍ എസ് സന്തോസ്ക്കറിന്റെ 'ഫാര്‍മകോളജി ആന്റു് ഫാര്‍മകോതെറാപ്യൂട്ടിക്സു്' എന്ന ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നു. പനിക്കു് പാരസെറ്റാമോള്‍ നല്‍കിയുള്ള ചികിത്സ എന്താണു് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതു് ? മദ്യവും പാരസെറ്റാമോളും കൂടി ചേര്‍ന്നാല്‍ കരള്‍ നാശത്തിനു് കാരണമാകുമെന്നാണു് 'Stokly's Drug Interaction' എന്ന ഗ്രന്ഥം പറയുന്നതു്. കാപ്പിയും അച്ചാറുമൊക്കെയായി ചേര്‍ന്നാലും പാരസെറ്റാമോള്‍ ഡ്രഗ് ഇന്ററാക്ഷന്‍ ഉണ്ടാക്കാം. ബ്രീട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ടു്. 'ദി ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി' എന്നാണു് അതിന്റെ പേരു്. (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഡോക്ടര്‍മാര്‍ക്കു് വേണ്ടി മദ്യം വിളമ്പുകയാണു് ചെയ്യുന്നതു്. IMA യുടെ കൊച്ചി ഓഫീസില്‍ അവര്‍ ബാര്‍ നടത്തുകയാണു്.)

പാരസെറ്റാമോളിന്റെ ചെറിയ അളവായ പത്തു് മുതല്‍ പതിനഞ്ചു് ഗ്രാം വരെ (20 മുതല്‍ 30 വരെ ഗുളികകള്‍) ഇനരുപത്തിനാലു് മണിക്കൂറുകള്‍ക്കുള്ളില്‍ അകത്തു് ചെന്നാല്‍ കരള്‍ കരിഞ്ഞും വൃക്കകള്‍ കരിഞ്ഞും മനുഷ്യന്‍ മരിക്കാനിടയുണ്ടെന്നും എന്‍സഫലോപ്പതി, സെറിബ്രല്‍ ഒഡീമ, ഹൈപ്പോഗ്ലൈസീമിയ, ഹെമറേജ് എന്നീ ലക്ഷണങ്ങളോടെ മൂന്നു് നാലു് ദിവസങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്നുമാണു് ബ്രിട്ടീഷ് നാഷണല്‍ ഫോര്‍മുലറി താക്കീതു് നല്‍കുന്നതു്.

പ്രഷര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പവും വാക്സിനുകള്‍ക്കൊപ്പവുമൊക്കെ പാരസെറ്റാമോള്‍ കഴിച്ചാല്‍ ഏതു് തരത്തിലുള്ള രാസ വിഷ പ്രതിപ്രവര്‍ത്തനമാണു് ശരീരത്തിനുള്ളില്‍ നടക്കുക എന്നതു് ആര്‍ക്കറിയാം ?

'Death by prescription' എന്ന പുസ്തകത്തില്‍ ഡോക്ടര്‍ റായ് ഡി സ്ട്രാന്ഡു് പാരസെറ്റാമോളിന്റെ പാര്‍ശ്വ ഫലത്തിന്റെ ഭാഗമായി തന്റെ സുഹൃത്തിന്റെ മകളുടെ കരള്‍ തകര്‍ന്ന അനുഭവം വിവരിക്കുന്നു.

പല പുസ്തകങ്ങളിലും പല മരുന്നുകളേക്കുറിച്ചും ലക്ഷണങ്ങളേക്കുറിച്ചും അറിവു് പൂര്‍ണ്ണമല്ല എന്നു് പറയുന്നു. R S Santhoskar ന്റെ 'Pharmacology & Pharmacotherapeutics' എന്ന പുസ്തകത്തില്‍ 'Role of fever in defence mechanism is not clear' എന്നു് പറയുന്നു. 'Stokly's Drug Interaction' എന്ന പുസ്തകത്തില്‍ പല മരുന്നുകളുടേയും പ്രതിപ്രവര്‍ത്തന ഫലങ്ങള്‍ 'Not known' എന്നാണു് രേഖപ്പെടുത്തിയിട്ടുള്ളതു്. പ്രഷര്‍ ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടേയും കാരണം അറിയില്ലെന്നു് വിശദീകരിക്കുകയാണു് എല്ലാ മെഡിക്കല്‍ ഗ്രന്ഥങ്ങളും. കേവലം പനിയുടെ കാരണവും അതിനു് പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള പങ്കും പത്തിരുന്നൂറു് വര്‍ഷത്തെ ശാസ്ത്രീയ ഗവേഷണത്തിനൊടുവിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു് പറയുമ്പോള്‍ എന്താണു് അലോപ്പതിയുടെ ശാസ്ത്രീയത ?

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിന്റെ മരുന്ന് നല്‍കുന്നതു് നിയമം മൂലം അമേരിക്കയില്‍ നിരോധിച്ചിരിക്കുകയാണു്. ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കഫത്തിനുള്ള മരുന്നുകള്‍ നല്‍കുന്നതിനു് അമേരിക്കില്‍ കര്‍ശനമായ നിബന്ധനകളാണുള്ളതു്. എന്നാല്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ഇതൊന്നും പരിഗണിക്കാതെ കഫ മരുന്നുകള്‍ കൊച്ചു് കുട്ടികള്‍ക്കു് യഥേഷ്ടം നല്‍കിക്കൊണ്ടിരിക്കുകയാണു്.

ഇന്ത്യയില്‍ ഉപയോഗിച്ചു് വന്നിരുന്ന നിമെസുലൈഡ് (നൈസ്, നൈസിപ്പ്, നിമെജെസിക്), സിസാപ്രൈഡ്, പ്രോവെരിഡോള്‍ തുടങ്ങിയ 15-ഓളം മരുന്നുകള്‍ പന്ത്രണ്ടു് കൊല്ലം മുമ്പു് ലോക ആരോഗ്യ സംഘടന നിരോധിച്ചതാണ്. പത്തു് കൊല്ലമാണു് ഞങ്ങള്‍ ആ മരുന്നുകള്‍ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ടു് സമരം ചെയ്തതു്. ഈ മരുന്നുകള്‍ രാഷ്ട്രീയമായി ഇന്ത്യ നിരോധിച്ചിട്ടില്ലെങ്കിലും ഡോക്ടര്‍മാര്‍ ഇവ ഉപയോഗിക്കരുതു് എന്ന സര്‍ക്കുലര്‍ അയയ്ക്കണമെന്നഭ്യര്‍ത്ഥിച്ചു് ഞങ്ങള്‍ പല നിവേദനങ്ങള്‍ IMA യ്ക്കു് അയയ്ക്കുകയുണ്ടായി. 100 ദിവസവും മറ്റൊരു 50 ദിവസവും എറണാകുളത്തു് ഞങ്ങള്‍ സത്യാഗ്രഹവും നടത്തി. ഒരു പ്രതികരണവും IMA യുടെ ഭാഗത്തു് നിന്നും ഉണ്ടായില്ല. "മറ്റൊരു രാജ്യത്തു് നിരോധിച്ചു എന്നു് കരുതി ഈ രാജ്യത്തു് നിരോധിക്കാത്ത ഒരു മരുന്നു് കൊടുക്കുന്നതില്‍ എന്താണു് തെറ്റു്" എന്നാണു് ഒരു യുവ ഡോക്ടര്‍ രോഷത്തോടെ ചോദിച്ചതു്. അലോപ്പതി പാലിക്കുന്നതു് രാഷ്ട്രീയ നിയമമാണോ അതോ വൈദ്യശാസ്ത്ര നിയമമാണോ ? ഒടുവില്‍ രണ്ടു് കൊല്ലം മുമ്പാണു് ഇന്ത്യ ഈ മരുന്നുകള്‍ നിരോധിച്ചതു്.

പ്രകൃതി ജീവനത്തില്‍ മൂത്രം മരുന്നായി ഉപയോഗിക്കുന്നു എന്നും മറ്റും പറഞ്ഞു് കളിയാക്കുന്ന പ്രവണതയുണ്ടു്. ഞങ്ങള്‍ മൂത്രം കുടിക്കുന്നവരോ കുടിപ്പിക്കുന്നവരോ അല്ല. പക്ഷെ, മൂത്ര ചികിത്സയെ കളിയാക്കുന്ന ഈ അലോപ്പതിക്കാര്‍ മൂത്രത്തില്‍ നിന്ന് മരുന്നുണ്ടാക്കുന്നുണ്ടു്. 'Fertinorm', 'Novarel' എന്നീ മരുന്നുകള്‍ മൂത്രത്തില്‍ നിന്നുണ്ടാക്കുമ്പോള്‍ മലത്തില്‍ നിന്നും മരുന്നുണ്ടാക്കുന്ന റിപ്പോര്‍ടുകളും വരുന്നുണ്ടു്. ഗര്‍ഭഛിദ്രം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ശവം പോലും മരുന്നാക്കി മനുഷ്യരെ നരഭോജികളാക്കുകയാണു് ഇന്നു് അലോപ്പതിക്കാര്‍.

  ടാഗോര്‍ കോളേജില്‍ അടുത്ത കാലത്ത് ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്നതിനു മൂത്രം കുടിച്ചു നോക്കാന്‍ അദ്ധ്യാപിക നല്‍കിയ നിര്‍ദ്ദേശം വിവാദമായിരുന്നു. സ്വന്തം മൂത്രമാണ് ഇവിടെ കുടിക്കാന്‍ നിര്‍ദേശിച്ചത്. മരുന്നുകളില്‍ നാട്ടുകാരുടെ മൂത്രമാണ് ഉള്ളില്‍ ചെല്ലുന്നത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സിലബസില്‍ ജീവനേക്കുറിച്ചു് (life) പഠിപ്പിക്കുന്നതേയില്ല. ഭക്ഷണത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ധ്യായമേ ഇല്ല.

പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ യഥാര്‍ത്ഥ ദോഷഫലങ്ങളേക്കുറിച്ചും അതിനെല്ലാം എന്തു് പരിഹാരം ചെയ്യണമെന്നതിനേക്കുറിച്ചും കൃത്യമായി പഠിപ്പിക്കുന്നില്ല, ഡോ റായ് ഡീ സ്ട്രാന്‍ഡു് തന്റെ പുസ്തകത്തില്‍ ഇതു് പറഞ്ഞു് വിലപിക്കുന്നുണ്ടു്. “പട്ടാളക്കാരേയും പോലീസുകാരേയും ഫയര്‍ സര്‍വ്വീസുകാരേയും പഠിപ്പിക്കുന്നതു് പോലെയാണു് ഞങ്ങളേയും പഠിപ്പിക്കുന്നതു്. മുന്നില്‍ കിടക്കുന്ന രോഗിക്കു് എന്തു് സംഭവിച്ചാലും നിങ്ങളുടെ മനസ് ഇളകരുതു്"

വാക്സിനേഷന്‍ 

പ്രകൃതി ജീവനക്കാരുടെ വാക്സിനേഷനെതിരേയുള്ള നിലപാടു് പ്രധാനമായും അതിന്റെ നിഗൂഢതയും ജനാധിപത്യ വിരുദ്ധതയും ഉയര്‍ത്തിയുള്ളതാണു്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു് മറുപടി ലഭിക്കുന്നില്ല.

1. വാക്സിനില്‍ രോഗത്തിന്റെ ബീജമാണുള്ളതു്. ഈ ബീജം ആരാണു് സൂക്ഷിക്കുന്നതു് ? എവിടെയാണു് സൂക്ഷിക്കുന്നതു് ?

2. ഒരിക്കല്‍ ഇല്ലാതാക്കിയതെന്നു് പറയപ്പെടുന്ന രോഗം തിരിച്ചു് വരുന്നതെങ്ങനെ ? വാക്സിനു് വേണ്ടി രോഗം ബീജം സൂക്ഷിക്കുന്ന കമ്പനികള്‍ പുറത്തു് വിടുന്നതാണോ ? (സത്യത്തില്‍ രോഗം ഇല്ലതാകുകയല്ല, അടിച്ചമര്‍ത്തപ്പെടുകയും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റു് രോഗങ്ങളായി മാറുകയുമാണു് ചെയ്യുന്നതു്. രോഗ കാരണങ്ങള്‍ മാറാതെ ഒരു രോഗവും മാറ്റാന്‍ കഴിയില്ല.)

3. വാക്സിനേഷന്‍ എന്നാല്‍ വീര്യം കുറഞ്ഞ രോഗ ബീജമാണല്ലോ ? 'വീര്യം കുറവു്' എങ്ങിനെ സാര്‍വ്വത്രിക മാനദണ്ഡമാകും ? ചില ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യവും രോഗ കാരണമാകാം. വീര്യം കുറഞ്ഞതെന്നു് മരുന്നു് കമ്പനി പറഞ്ഞിരിക്കുന്നതു് എല്ലാവരും വിശ്വസിക്കുന്നു എന്നല്ലാതെ വാക്സിനിലെ രോഗ ബീജങ്ങളുടെ 'വീര്യക്കുറവു്' ആരും പരിശോധിച്ചു് ഉറപ്പു് വരുത്തുന്നില്ല. വീര്യം കുറഞ്ഞ ശരീരങ്ങളില്‍ ഈ കുറഞ്ഞ വീര്യമുള്ള രോഗബീജങ്ങളും കുഴപ്പമുണ്ടാക്കില്ലേ ?

4. പോളിയോ വാക്സിനേഷന്‍ വഴി ശരീരം തളര്‍ന്ന 50 കുട്ടികളുടെ ചിത്രങ്ങളും വാര്‍ത്തകളും സഹിതം സാജന്‍ സിന്ധു ഒരു പുസ്തകമിറക്കിയിട്ടുണ്ടു്. ആരും നിഷേധിച്ചിട്ടില്ല. ഇവര്‍ക്കെല്ലാം എന്തു് കൊണ്ടു് വാക്സീന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം ഏര്‍പ്പെടുത്തുന്നില്ല ? (അതല്ലെങ്കില്‍ ഇതിനുത്തരവിടുന്ന സര്‍ക്കാരോ നടപ്പാക്കുന്ന ആശുപത്രികളോ മെഡിക്കല്‍ പ്രൊഫഷനോ ഈ ബാധ്യത ഏറ്റെടുക്കേണ്ടതല്ലേ ? അമേരിക്കയില്‍ വാക്സിന്‍ മൂലമുള്ള മരണങ്ങള്‍ക്കും രോഗങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക വകുപ്പു് തന്നെയുണ്ടല്ലോ ?)

5. വാക്സിനേഷന്‍ വേളയില്‍ 'Nuerogenic shock' ഉം 'Anaphylatic shock' ഉം മരണകാരണമാകാന്‍ ഇടയില്ലേ ?

6. എനിക്കറിയാവുന്ന പല ഡോക്ടര്‍മാരും വാക്സിനേഷനു് എതിരാണു്. പല ഡോക്ടര്‍മാരും സ്വന്തം കുട്ടികള്‍ക്കു് വാക്സീന്‍ നല്കാറില്ല.സ്വന്തം ചികിത്സ ഏതായിരിക്കണമെന്നു് തിരഞ്ഞെടുക്കാനുള്ള ഝനാധഇപത്യാവകാശം എല്ലാവര്‍ക്കുമില്ലേ ? എല്ലാവരും അലോപ്പതി ചികിത്സ ചെയ്യണമെന്നു് ഭരണ കൂടം നിര്‍ബ്ബന്ധിക്കുന്നതെന്തിനാണു് ?

സാമ്രാജ്യത്ത അജണ്ടക്കെതിരെ ജാഗരൂകരാകണം 

NATIONAL SECURITY MEMORANDUM 200 ല്‍ (ഇന്റര്‍നെറ്റില്‍ ലഭ്യമാണു്) സൂചിപ്പിക്കുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ യുദ്ധം, കൃത്രിമക്ഷാമം, കുടുംബാസൂത്രണം എന്നിവ ആസൂത്രണം ചെയ്തു കൊണ്ടുവരുന്നു എന്നാണ്. 1974 ഡിസംബറില്‍ അമേരിക്കയുടെ രഹസ്യ രേഖയായതാണു് ഈ 'ഹിറ്റ്‌ലര്‍ രേഖ'. LDC (Least Developed Countries) രാജ്യങ്ങളില്‍ പെരുകുന്ന ജനസംഖ്യ അമേരിക്കയുടെ ഭാവി സുരക്ഷിതത്വത്തിനു് അപകടമാണെന്നും ഈ രാജ്യങ്ങളില്‍ പെരുകുന്ന ജനങ്ങള്‍ പ്രകൃതി വിഭവങ്ങള്‍ തീര്‍ക്കുകയും അമേരിക്കയുടെ മള്‍ടി നാഷണല്‍ കമ്പനികള്‍ക്കെതിരേയെല്ലാം സമരത്തിനിറങ്ങുകയും ചെയ്യുമെന്നും അതിനാല്‍ നിലവിലുള്ളവരുടെ പ്രത്യുല്പാദനശേഷി ഇല്ലാതാക്കണമെന്നും കുഞ്ഞുങ്ങളുടെ ജനനം തടയണമെന്നും റിപ്പോര്‍ടു് നിര്‍ദ്ദേശിക്കുന്നു. കുടുംബാസൂത്രണം, യുദ്ധം, കൃത്രിമ ക്ഷാമം ഒക്കെയുണ്ടാക്കാനാവശ്യപ്പെടുന്ന ഈ റിപ്പോര്‍ടിന്റെ നടത്തിപ്പു് പെന്റഗണിനെയാണു് മുഖ്യമായും ഏല്പിച്ചതു്.

എന്നിട്ടും അമേരിക്കന്‍ കമ്പനികളും അമേരിക്കയുടെ കീഴിലുള്ള വകുപ്പുകളും ഇന്ത്യക്കാരെ ആരോഗ്യവാന്മാരായി ജീവിക്കാന്‍ സഹായിക്കുമെന്നും മരുന്നുകളും വാക്സീനുമൊക്കെ നല്കി രക്ഷിക്കുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നു !

ഗവേഷണം നടക്കണം 

ഞങ്ങളുടെ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ക്കു് യാതൊരു ഫണ്ടുമില്ല. വെറും സാധാരണക്കാരായവരില്‍ ചിലരാണു് ഇന്നു് കേരളത്തില്‍ പ്രകൃതി ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു്.

വാഹനാപകടങ്ങളുടെ രംഗത്തും വിഷബാധകളുടെ രംഗത്തും പ്രകൃതി ജീവനത്തിനു് ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടു്. 50 കോടി രൂപ ഞങ്ങള്‍ക്കു് ലഭിക്കുകയാണെങ്കില്‍ നല്ലൊരു ഗവേഷണ സ്ഥാപനവും വ്യത്യസ്തമായ പ്രവര്‍ത്തനവും സാധിക്കും. അതാകട്ടെ, ആരോഗ്യ രംഗത്തു് സര്‍ക്കാര്‍ ചെലവഴിക്കുന്നതിന്റെ ചെറിയൊരംശം പോലുമാകുന്നില്ല.

(കേട്ടു് തയ്യാറാക്കിയതു് - എം കൃഷ്ണദാസ്. തിരുത്തി നല്‍കിയതു് - ഡോ. ജേക്കബ് വടക്കന്‍ചേരി, തിരുത്തലുകള്‍ വരുത്തിയതു് - ജോസഫ് തോമസ്.)

നാലാം സെമിനാര്‍ - പ്രകൃതി ജീവനത്തിന്റെ ശാസ്ത്രീയത - പി ജെ ആന്റണി ഫൌണ്ടേഷനില്‍



27-01-2013 ഞായറാഴ്ച 3 മണിക്കു് ഹൈക്കോടതിയ്ക്കടുത്തു് പി ജെ ആന്റണി ഫൌണ്ടേഷന്‍ ഹാളില്‍.

'ആരോഗ്യശ്രീ' പഠന ഗവേഷണ പ്രോജക്ടിന്റെ ഭാഗമായി ഈ സെമിനാറിനേയും കാണണം. പി ജെ ആന്റണി ഫൌണ്ടേഷന്‍ സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയിലേയ്ക്കു് ഏവര്‍ക്കും സ്വാഗതം.




Wednesday, January 16, 2013

ആരോഗ്യശ്രീ - മൂന്നാം സെമിനാര്‍ - ആരോഗ്യസംരക്ഷണം ആയൂര്‍വ്വേദത്തിലൂടെ


സാന്ത്വന പരിചരണം - സി.പി.ഐ.(എം) കേരളത്തിനു് വഴി കാട്ടുന്നു



(Courtesy : Deshabhimani : Posted on: 15-Jan-2013 10:18 PM)

കേരളത്തില്‍ ഏറ്റവുമധികം രക്തദാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്. സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. അപകടത്തില്‍പെട്ടോ അസുഖം ബാധിച്ചോ രക്തം വേണ്ടിവരുന്ന ഘട്ടത്തില്‍ ഏതുരാഷ്ട്രീയക്കാരനായാലും സിപിഐ എമ്മിന്റെയോ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകരെ സമീപിക്കുന്നതും ഓഫീസുകളിലേക്ക് കടന്നുചെല്ലുന്നതും സര്‍വസാധാരണമാണ്. എല്ലാത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എങ്ങെങ്ങ് മനുഷ്യര്‍ ദുരിതമനുഭവിക്കുന്നുവോ അങ്ങോട്ടേയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി എത്തേണ്ടവരാണ്; എത്തുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കേരളത്തിന്റെ ചരിത്രമെടുത്താല്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കംമുതല്‍തന്നെ, രോഗബാധയേറ്റും പട്ടിണികിടന്നും കഷ്ടപ്പെടുന്നവര്‍ക്ക് സ്വയംമറന്ന് സാന്ത്വനമേകിയതിന്റെ ചരിത്രവും തെളിഞ്ഞുകാണാം. മാരകമായ വസൂരിരോഗം നാട്ടിലാകെ പടര്‍ന്നുപിടിച്ചപ്പോള്‍ അടുത്ത ബന്ധുക്കള്‍പോലും ഭയന്ന് രോഗികളില്‍നിന്ന് അകന്നുനിന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്, കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളില്‍പോയി രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും മുന്നിട്ടിറങ്ങി. അതിനിടെ വസൂരി ബാധിച്ച് മരണമടഞ്ഞ കമ്യൂണിസ്റ്റുകാരുടെ കഥകള്‍ പഴയ തലമുറയുടെ ഓര്‍മയില്‍ തിളങ്ങിനില്‍പ്പുണ്ട്. വായനശാലകളും ഗ്രന്ഥാലയങ്ങളും ആര്‍ട്സ് ക്ലബ്ബുകളും സാംസ്കാരിക സ്ഥാപനങ്ങളും പ്രാദേശികതലത്തില്‍ രൂപീകരിച്ച് ജനങ്ങളുടെയാകെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തയ്യാറായത് പ്രസക്തമായ മറ്റൊരനുഭവമാണ്. അന്യമായ ഈ മാതൃകകളാണ് കേരളത്തിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറും സ്നേഹവും ഉണ്ടാകാനുള്ള ഘടകങ്ങളില്‍ മുഖ്യമായ ഒന്ന്.

പി കൃഷ്ണപിള്ളയടക്കമുള്ള പാര്‍ടി സ്ഥാപകര്‍ തെളിച്ച അതേ വഴിയിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും സഞ്ചരിച്ചത്. ചികിത്സാരംഗത്ത് വന്‍തോതില്‍ കച്ചവടവല്‍ക്കരണം നടക്കുകയും നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്തപ്പോള്‍ സഹകരണമേഖലയില്‍ മികച്ച ചികിത്സാസംവിധാനം ഒരുക്കിയത് മറ്റൊരിടപെടലാണ്. പാലിയേറ്റീവ് കെയര്‍ദിനമായ ചൊവ്വാഴ്ച തുടക്കംകുറിച്ച സിപിഐ എമ്മിന്റെ സാന്ത്വന പരിചരണ പ്രവര്‍ത്തനം അതേ വഴിയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പാണ്.

രോഗം ശമിപ്പിക്കാനുള്ള ചികിത്സ ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നു. എന്നാല്‍, മരുന്നുകളും ചികിത്സയാകെയും നിഷ്ഫലമാകുന്ന ഘട്ടങ്ങളുണ്ട്. അങ്ങനെയുള്ള രോഗികള്‍ വേദനതിന്നാണ് മരണത്തിലേക്ക് പോവുക. അവരില്‍ മഹാഭൂരിപക്ഷത്തിനും ശുശ്രൂഷയോ മനസ്സ് ശാന്തമാക്കാനുള്ള സാന്ത്വനമോ ലഭിക്കുന്നില്ല. ഭരണകൂടങ്ങളുടെ വിമുഖതയും നവലിബറല്‍ നയങ്ങളുടെ ഭാഗമായുള്ള മുന്‍ഗണനകളിലെ വ്യത്യാസവും കമ്പോളവല്‍ക്കരണവുമടക്കം പല കാരണങ്ങളുണ്ടിതിന്. ജീവിതാന്ത്യത്തില്‍ കഠിന ദുരിതമനുഭവിക്കുന്ന രോഗികളുടെ ജീവിതം കുറെക്കൂടി മെച്ചപ്പെട്ടതാക്കാന്‍ ആസൂത്രിതമായ ഇടപെടല്‍ വേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ശാസ്ത്രവും മനുഷ്യസ്നേഹവും ഒത്തുചേരുന്ന അത്തരം ഇടപെടലിന്റെ പ്രാധാന്യം പാലിയേറ്റീവ് കെയര്‍ മുന്‍കൈകളിലൂടെ തെളിയിക്കപ്പെട്ടതാണ്. കേരളത്തിലുടനീളം വളന്റിയര്‍മാരെ പരിശീലിപ്പിച്ച് വിന്യസിച്ചാണ് സിപിഐ എം സമാനതകളില്ലാത്ത ഇടപെടലിന് തുടക്കമിടുന്നത്. ഇത് പുതിയ പരീക്ഷണമല്ല, ഇന്നുവരെ സിപിഐ എം നടത്തിയ ഇടപെടലുകളുടെ ആവേശകരമായ പുത്തന്‍ അധ്യായമാണെന്നര്‍ഥം.

സിപിഐ എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസിനു മുന്നോടിയായി തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനമാണ്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി, സന്നദ്ധഭടന്മാരെ നിയോഗിച്ച് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദുരിതമനുഭവിക്കുന്ന രോഗികളില്‍ 82 ശതമാനത്തിനും സാന്ത്വന പരിചരണ സംവിധാനങ്ങള്‍ അപ്രാപ്യമായ ഇക്കാലത്ത്, സിപിഐ എമ്മിന്റെ ഈ തീരുമാനം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജാതിയുടെയും ഉപജാതിയുടെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സങ്കുചിതമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജാതിയുടെയും കക്ഷിയുടെയും പരിഗണനകളില്ലാതെ അര്‍ഹിക്കുന്നവര്‍ക്ക് സാന്ത്വന പരിചരണം നല്‍കാന്‍ കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായ സിപിഐ എമ്മിനു മാത്രമേ കഴിയൂ. പരിചരണത്തിനു പുറമെ ചികിത്സാ സഹായവും കൗണ്‍സലിങ്ങും മരുന്നിന്റെ ലഭ്യത ഉറപ്പാക്കലും പ്രാദേശികതലത്തില്‍ രൂപീകരിച്ച വളന്റിയര്‍സേനയ്ക്ക് കഴിയും. സിപിഐ എം കാണിക്കുന്ന ഈ മാതൃക ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, കേരളത്തിന്റെ യശസ്സ് ഇനിയും ഉയരുകയേ ഉള്ളൂ.

ആരോഗ്യശ്രീ - രണ്ടാം സെമിനാര്‍ - പ്രൊ. കെ. പത്മപാദന്‍ നയിക്കുന്നു



പ്രസിദ്ധീകരണാര്‍ത്ഥം

അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, (ATPS), കൊച്ചി.

(Reg. No ER.419/2001 No.1, ITES Habitat, JNI Stadium, Kaloor, 682017)

'ആരോഗ്യശ്രീ'

15-01-2013 നു് വൈകുന്നേരം 5 മണിക്കു് 'തദ്ദേശീയ ചികിത്സാ പദ്ധതികളുടെ പ്രസക്തി' എന്ന വിഷയം റിട്ട. പ്രൊ. കെ പത്മപാദന്‍ അവതരിപ്പിക്കും. തുടര്‍ന്നു് ചര്‍ച്ചയും നടക്കും. സ്ഥലം എറണാകുളം സൌത്തില്‍ സദനം റോഡിലുള്ള കെ ജി ബോസ് ഭവന്‍. ചര്‍ച്ചയില്‍ പങ്കെടുക്കാനും പഠിക്കാനും താല്പര്യമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നു. മാധ്യമ പ്രതിനിധികളേയും സാദരം ക്ഷണിക്കുന്നു.

ജനകീയാരോഗ്യ പഠന-ഗവേഷണ പദ്ധതി.

ആരോഗ്യം ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയാണു്. പക്ഷെ, അതിനെ രോഗ ചികിത്സയുടെ പര്യായമായാണു് ഇന്നു് കച്ചവടാധിഷ്ഠിത സമൂഹം കാണുന്നതു്. ആഗോളമായി ധന മൂല ധനത്തിന്റെ മേധാവിത്വം അടിച്ചേല്പിക്കപ്പെടുന്ന ഇന്നു് ആരോഗ്യരംഗവും തനി കച്ചവടമായി മാറിയിരിക്കുന്നു. ധര്‍മ്മാശുപത്രികള്‍ കച്ചവടത്തിനു് വഴിമാറിയിരിക്കുന്നു. മരുന്നു് ഉല്പാദിപ്പിക്കുന്നവര്‍ അവയുടെ ഉപഭോക്താക്കളായ രോഗികളേയും സൃഷ്ടിക്കുന്നു. രോഗീ പരിചരണം നടത്തുന്ന ആശുപത്രികളും രോഗികളെ സൃഷ്ടിക്കുകയും ചികിത്സയ്ക്കു് ചെല്ലുന്നവരെ രോഗികളായി നിലനിര്‍ത്തുകയും ചെയ്യുന്നു. രോഗ പരിശോധകരും ഇതേ പോലെ രോഗികളെ സൃഷ്ടിക്കുന്നതില്‍ താല്പര്യമുള്ളവരായിരിക്കുന്നു. അരോഗ്യ രംഗത്തെ ഈ കച്ചവടക്കാരുടെ കൂട്ടായ്മ ആരോഗ്യ സംരക്ഷണത്തിനു് പകരം രോഗ സംരക്ഷണം നടത്തുന്നതായി അഥപ്പതിച്ചിരിക്കുന്നു. ഈ സാഹചര്യം ആരോഗ്യത്തേപ്പറ്റി മാറി ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നു. ബദല്‍ കണ്ടെത്തലിന്റേയും സൃഷ്ടിയുടേയും ഭാഗമായി അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം 'ആരോഗ്യശ്രീ' എന്ന പേരില്‍ ഒരു പഠന ഗവേഷണ പദ്ധതി ഏറ്റെടുത്തിരിക്കുകയാണു്.

ശുദ്ധവായു, കുടി വെള്ളം, ആഹാരം, പരിസ്ഥിതി, അദ്ധ്വാനം, വ്യായാമം, വിശ്രമം, വിനോദം തുടങ്ങി ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളും അവയുടെ കുറവോ കൂടുതലോ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ ചികിത്സയും വിശദമായി പഠിച്ചു് മനുഷ്യ ശരീരത്തിന്റേയും മനസിന്റേയും സുസ്ഥിതിയ്ക്കാവശ്യമായ സമഗ്ര ധാരണ രൂപപ്പെടുത്തുകയാണു് പഠന ഗവേഷണ പരിപാടിയുടെ ലക്ഷ്യം. സ്വാഭാവികമായും അത്തരം ഒരു ജനകീയ ബദല്‍ ആഗോള ധന മൂല ധനത്തിന്റെ കടന്നാക്രമണത്തിനെതിരായ ചെറുത്തു് നില്പിന്റെ ഒരു രൂപമായിരിക്കും. മാത്രമല്ല, അതു് കുറഞ്ഞ ചെലവിലുള്ള രോഗീ പരിചരണവും യഥാര്‍ത്ഥത്തിലുള്ള ആരോഗ്യ പരിരക്ഷയും താരതമ്യേന രോഗ മുക്തമായ സമൂഹവും ഉറപ്പാക്കുകയും ചെയ്യും.

08-01-2013 നു് പദ്ധതിയുടെ ഉല്‍ഘാടന വേദിയില്‍ 'പ്രകൃതി ജീവനത്തിലൂടെ രോഗ മുക്ത സമൂഹത്തിലേയ്ക്കു്' എന്ന വിഷയത്തില്‍ ഡോ. ജേക്കബ് വടക്കാഞ്ചേരി പ്രഭാഷണം നടത്തുകയും സദസ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.

ബാബു ഡൊമിനിക് (ഡയറക്ടര്‍, എടിപിഎസ്)

9446564540, babudomnic@gmail.com

12-01-2013

(തുടര്‍ന്നുള്ള നാളുകളില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ വിഷയം അവതരിപ്പിക്കുകയും ചര്‍ച്ച നടത്തുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യും.)

'അരോഗ്യശ്രീ' പഠന-ഗവേഷണ പരിപാടി ആരംഭിക്കുന്നു



അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം, (ATPS), കൊച്ചി.

ആരോഗ്യ രംഗത്തു് പണാധിപത്യം കൊടികുത്തി വാഴുകയും ജനങ്ങളുടെ ആരോഗ്യം നിരന്തരം മോശമാകുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍, ചെലവു് കുറഞ്ഞ ജനകീയമായ ബദല്‍ ആരോഗ്യ ജീവിത രീതി ഉരുത്തിരിച്ചെടുക്കാനായി 'ജനകീയാരോഗ്യം' പഠന-ഗവേഷണ പദ്ധതി ആരംഭിക്കുന്നു.

പ്രാഥമിക ചര്‍ച്ചാ തലം

ആഹാരം, വ്യായാമം, വിശ്രമം, രോഗം, ചികിത്സ - ജനുവരി-ഫെബ്രുവരി, 2013

തുടര്‍ന്നു് പ്രത്യേക വിഷയങ്ങളില്‍ സംവാദങ്ങള്‍, വിവര ശേഖരണം, വിശകലനം, നിഗമനം, പ്രസിദ്ധീകരണം, തുടര്‍ ചര്‍ച്ച എന്നിങ്ങനെ വിവിധ തട്ടുകളിലായി ഈ പരിപാടി മുന്നോട്ടു് പോകും.

ആദ്യ ചര്‍ച്ച 08-01-2012 നു് ചൊവ്വാഴ്ച 5 മണിക്കു്

കെജിബോസ് ഭവനില്‍

(സദനം റോഡ്, എറണാകുളം സൌത്തു്)

"പ്രകൃതി ജീവനത്തിലൂടെ രോഗമുക്തമായ സമൂഹത്തിലേയ്ക്കു്"

ഡോ. ജേക്കബ് വടക്കന്‍ചേരി

(പ്രമുഖ ഗാന്ധിയന്‍, പ്രകൃതി ജീവന കേന്ദ്രങ്ങളുടെ (Nature Life International) സ്ഥാപകനും ഡയറക്ടറും. പീസ് ബ്രിഗേഡ് ഇന്റര്‍നാഷനലിന്റെ ഇന്ത്യാ കണ്‍വീനര്‍, കൊച്ചി ഗാന്ധി പീസ് ഫൌണ്ടേഷന്റെ ജോയിന്റു് സെക്രട്ടറി, കേരള ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍, നേച്ചര്‍ ലൈഫ് മാസികയുടെ എഡിറ്ററും പ്രസാധകനും തുടങ്ങി പല രംഗങ്ങളിലേയും സജീവ സാന്നിദ്ധ്യം)

താല്പര്യമുള്ളവര്‍ക്കെല്ലാം സ്വാഗതം.



ആരോഗ്യ രംഗം ഇന്നു് മറ്റു് പല മേഖലകളും പോലെ ആഗോള പണ മൂലധനാധിപത്യത്തിന്റെ പിടിയിലമരുകയാണു്. ഭൂമി, കെട്ടിടം, വിദ്യാഭ്യാസം, കൃത്രിമാഹാരം, മരുന്നു്, ആശുപത്രി, പരിശോധന തുടങ്ങി പല മേഖലകളിലും ധന മൂലധനത്തിന്റെ വിളയാട്ടം കൊഴുക്കുകയാണു്. അത്തരം മേഖലകളിലെല്ലാം അടിയന്തിരമായ ജനകീയ ഇടപെടല്‍ ആവശ്യപ്പെടുന്നു. 'ആരോഗ്യ കച്ചവടം' പലതു് കൊണ്ടും പ്രത്യേകതകളുള്ളതുമാണു്. മറ്റു് പലതുമായും പാരസ്പര്യവും അതിനുണ്ടു്. ''മുതലാളിത്തം ചരക്കുകള്‍ മാത്രമല്ല, അവയ്ക്കു് ഉപഭോക്താക്കളേയും സൃഷ്ടിക്കുന്നു'' എന്ന പ്രസിദ്ധ മാര്‍ക്സിയന്‍ നിരീക്ഷണം ഇന്നു് ഏറെ പ്രകടമാകുന്നതു് മരുന്നു് വ്യവസായത്തിലും അവയുടെ ഉപഭോക്താക്കളായ രോഗികളെ സൃഷ്ടിക്കുന്നതിലൂമാണു്.

അനുയോജ്യ സാങ്കേതിക വിദ്യ പ്രോത്സാഹക സംഘം ആരോഗ്യ രംഗത്തേക്കുറിച്ചു് ഒരു പഠന പരമ്പര ആരംഭിക്കുകയാണു്. 2001 ല്‍ സംഘം ഏറ്റെടുത്ത ആദ്യ പഠനം 'ജനകീയ വിവര സാങ്കേതിക പദ്ധതി'യിലേയ്ക്കാണു് അതിനെ എത്തിച്ചതു്. അതിന്റെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗവും വ്യാപനവും ചെലവു് കുറഞ്ഞ വിവര സാങ്കേതിക പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നതിനും വിവര സാങ്കേതിക വിദ്യാരംഗത്തു് നിലനിന്ന നിഗൂഢത അവസാനിപ്പിക്കുന്നതിനു് തുടക്കമിടാനും ആ പഠന പ്രവര്‍ത്തനവും തുടര്‍ പദ്ധതിയും ഉതകി. ഇന്നു് 'സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവും' 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്മെന്റു് ഓഫ് ഇന്ത്യയും' ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു് കഴിഞ്ഞു. എടിപിഎസ് ആഗോള ധന മൂല ധനത്തിന്റെ മറ്റൊരു വിളയാട്ട രംഗമായ ആരോഗ്യത്തേക്കുറിച്ചു് പഠനം ആരംഭിക്കുകയാണു്.

എല്ലാ വശത്തു് നിന്നും ആരോഗ്യ മേഖലയെ സമീപിക്കുക. വ്യത്യസ്തങ്ങളായ ആരോഗ്യ പരിപാലന വ്യവസ്ഥകളും രോഗ ചികിത്സാ വ്യവസ്ഥകളും പഠിക്കുക. രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ വിലയിരുത്തുക. അവയിലേയെല്ലാം നെല്ലും പതിരും തിരിച്ചെടുക്കുക. ചെലവു് കുറഞ്ഞ ആരോഗ്യ പരിപാലന തന്ത്രം രൂപപ്പെടുത്തുക. ധന മൂല ധനത്തിന്റെ കടന്നു് കയറ്റത്തെ ചെറുക്കാനുതകുന്നതും ഭാവി സമൂഹത്തിനു് അനുവര്‍ത്തിക്കാനാവുന്നതുമായ ബദല്‍ അരോഗ്യ സംവിധാനത്തിന്റെ രൂപ രേഖ ഉണ്ടാക്കുക എന്നീ ലക്ഷ്യങ്ങളാണു് ഈ പഠന പ്രക്രിയയ്ക്കുള്ളതു്.

താഴെ പറയുന്ന പരിപാടികള്‍ തീര്‍ച്ചയായിട്ടുണ്ടു്.

ഡോ. കെ. പത്മപാദന്‍. ഇന്ത്യന്‍ ചികിത്സാ സമ്പ്രദായങ്ങളില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ചു് ഗവേഷണം നടത്തുന്നു. സര്‍ക്കാര്‍ കോളേജില്‍ നിന്നു് റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍. ജനകീയാരോഗ്യ പ്രവര്‍ത്തകന്‍. വിഷയം - തദ്ദേശീയ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രസക്തി. 15-01-2013. 5 മണി.

08-01-2013 നു് വൈകുന്നേരം 5 മണിക്കു് കെ ജി ബോസ് ഭവനില്‍ നടക്കുന്ന ആദ്യ സെമിനാര്‍ മുതല്‍ തുടര്‍ന്നു് നടക്കുന്ന സെമിനാറുകളിലും താല്പര്യമുള്ളവരെല്ലാം പങ്കെടുക്കണമെന്നും വ്യക്തിപരമായും സാമൂഹ്യമായും പ്രസക്തിയുള്ള ഈ പഠന-ഗവേഷണ പ്രക്രിയയില്‍ പങ്കാളികളാകണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

തുടര്‍ന്നുള്ള നാളുകളില്‍ മറ്റു് ചികിത്സാ സമ്പ്രദായങ്ങളുടെ വിദഗ്ദ്ധരുടേയും ക്ലാസുകള്‍ ഒരുക്കുന്നതാണു്.

ബാബു ഡൊമിനിക്

ഡയറക്ടര്‍, എടിപിഎസ്

01-01-2013.