Saturday, May 17, 2014

ക്യാന്‍സര്‍ ചികിത്സയും മരുന്നുകളുടെ അമിതവിലയും - ഡോ. ബി ഇക്ബാല്‍


Posted on: 15-May-2014 11:39 PM ക്യാന്‍സര്‍ ചികിത്സയുടെ കാര്യത്തില്‍ വമ്പിച്ച കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഏതാനും ദശാബ്ദക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ശസ്ത്രക്രിയയായിരുന്നു പ്രധാന ചികിത്സ. പിന്നീട് റേഡിയേഷന്‍ ചികിത്സയിലും ഔഷധചികിത്സയിലും വലിയ മുന്നേറ്റം നടന്നതിന്റെ ഫലമായി പരിമിതമായ ശസ്ത്രക്രിയ+ റേഡിയേഷന്‍+ ഔഷധചികിത്സ എന്നതിലേക്ക് മാറി. ഫലസിദ്ധി കൂടിയ, പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ നവീന മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതോടെ ക്യാന്‍സര്‍ രോഗികളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ചികിത്സവഴി സംഭവിക്കാനിടയുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. പല ക്യാന്‍സര്‍ രോഗങ്ങളും മുന്‍കാലങ്ങളെപ്പോലെ ഭയപ്പെടേണ്ട രോഗമല്ലാതായി മാറി. ഔഷധചികിത്സയ്ക്കു വേണ്ടിവരുന്ന മരുന്നുകളുടെ അതിഭീമമായ വിലയാണ് ക്യാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രധാന പ്രശ്നം. എയ്ഡ്സ് ചികിത്സയ്ക്ക് ഫലപ്രദമായ മരുന്നു കണ്ടുപിടിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന പേറ്റന്റ് നിയമമുപയോഗിച്ച് എയ്ഡ്സിനുള്ള വിലകൂടിയ മരുന്നുകള്‍ തുച്ഛമായ വിലയ്ക്ക് ഉല്‍പ്പാദിപ്പിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചു. ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് വന്‍കിട കമ്പനികള്‍ 15,000 ഡോളറിന് മാര്‍ക്കറ്റ് ചെയ്തിരുന്ന മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ കേവലം 135 ഡോളറിനാണ് വിറ്റത്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മറ്റും എയ്ഡ്സ് നിയന്ത്രണവിധേയമായത് ഇന്ത്യന്‍ കമ്പനികള്‍ കുറഞ്ഞ വിലയ്ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കിയതുകൊണ്ടാണ്. എന്നാല്‍, ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ 2005 മുതല്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ക്ക് പഴയതുപോലെ വിദേശകമ്പനികളുടെ പേറ്റന്റ് മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനാവില്ല. ഈ സാഹചര്യത്തില്‍ വിദേശകമ്പനികളുടെ വിലയേറിയ ക്യാന്‍സര്‍ മരുന്നുകളെ ആശ്രയിക്കാതെ നിവൃത്തിയില്ല എന്ന സ്ഥിതിയാണിപ്പോള്‍. കേന്ദ്രസര്‍ക്കാര്‍ അടുത്തകാലത്ത് പ്രഖ്യാപിച്ച ഔഷധവിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ പുതുതായി പേറ്റന്റ് ചെയ്യപ്പെട്ട ക്യാന്‍സര്‍ മരുന്നുകള്‍ വരികയുമില്ല. മിക്ക ക്യാന്‍സര്‍ മരുന്നുകളും ഒറ്റക്കമ്പനിമാത്രമായി ഉല്‍പ്പാദിപ്പിക്കുന്ന കുത്തക വിപണന മരുന്നുകളുമാണ്. ചില ക്യാന്‍സര്‍ മരുന്നുകളുടെ വില നോക്കുക (പട്ടിക). ചികിത്സയുടെ മൊത്തം ചെലവ് എത്രയോ കൂടുതലായിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇടത്തരക്കാര്‍ക്കുമാത്രമല്ല, സമ്പന്നര്‍ക്കുപോലും താങ്ങാനാവാത്ത വിലയാണ് ക്യാന്‍സര്‍മരുന്നുകള്‍ക്ക്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലുള്ള നിര്‍ബന്ധിത ലൈസന്‍സ് എന്ന വ്യവസ്ഥ പ്രയോഗിച്ച് പേറ്റന്റ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് അതിനുള്ള അനുമതി കൊടുക്കുകമാത്രമാണ് തല്‍ക്കാലം മരുന്നുകളുടെ വില കുറയ്ക്കാന്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗം. ഔഷധങ്ങളുടെ അമിതവില, ഔഷധ ദൗര്‍ലഭ്യം, രാജ്യത്തിന്റെ ആവശ്യാനുസരണം മരുന്നുല്‍പ്പാദിപ്പിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത അവസ്ഥ, പേറ്റന്റ് അനുവദിച്ച് നിശ്ചിത കാലയളവിനുള്ളില്‍ മരുന്നുല്‍പ്പാദിപ്പിക്കാതിരിക്കല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം പേറ്റന്റ് എടുക്കാത്ത കമ്പനികള്‍ക്ക് മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം പേറ്റന്റ് ഓഫീസിനു നല്‍കാനാവും. മലയാളിയായ മുന്‍ പേറ്റന്റ് കണ്‍ട്രോളര്‍ പി എച്ച് കുര്യന്‍ ഇക്കാര്യത്തില്‍ മാതൃകയും കാട്ടിയിട്ടുണ്ട്. ജര്‍മന്‍ കമ്പനിയായ ബേയര്‍ കോര്‍പറേഷന്‍ നെക്സാവര്‍ എന്ന കമ്പനി നാമത്തില്‍ വില്‍ക്കുന്ന സൊറാഫെനിബ് റ്റൊസിലേറ്റ് എന്ന വൃക്ക, കരള്‍ ക്യാന്‍സറിനുള്ള മരുന്നുല്‍പ്പാദിപ്പിക്കാനുള്ള അവകാശം നാറ്റ്കോ എന്ന ഇന്ത്യന്‍ കമ്പനിക്കു നല്‍കിയാണ് കുര്യന്‍ ഉത്തരവിറക്കിയത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് നെക്സാവര്‍ ഉപയോഗിക്കുമ്പോള്‍ ഒരുമാസത്തെ ചികിത്സയ്ക്ക് 2,80,428 രൂപയും ഒരു വര്‍ഷത്തേക്ക് 33,65,136 രൂപയും ചെലവുവരും. നാറ്റ്കോയുടെ മരുന്നുപയോഗിച്ചാല്‍ ഒരുമാസത്തെ ചികിത്സയ്ക്ക് കേവലം 8800 രൂപ മാത്രമാണ് ചെലവ്. പിന്നീട് സിപ്ല, നാറ്റ്കോയുടെ മരുന്നിലും കുറഞ്ഞവിലയ്ക്ക് ഇതേ മരുന്ന് മാര്‍ക്കറ്റ് ചെയ്തു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന സ്തനാര്‍ബുദ ചികിത്സയ്ക്കാവശ്യമായ ട്രാസ്റ്റുസുമാബ് എന്ന വിഭാഗത്തില്‍പ്പെട്ട മരുന്ന് ഹെര്‍സെപ്റ്റിന്‍ എന്ന പേരില്‍ സ്വിസ് കമ്പനിയായ റോഷ് അമിതവിലയ്ക്ക് വില്‍ക്കുന്നതിനെതിരെ വനിതാസംഘടനകളും ജനകീയാരോഗ്യ പ്രവര്‍ത്തകരും സമരരംഗത്താണ്. ഏറ്റവും ഗുരുതര സ്വഭാവമുള്ളതും സ്തനാര്‍ബുദരോഗികളില്‍ നാലിലൊരാളില്‍ കാണപ്പെടുന്നതുമായ വിഭാഗത്തില്‍പ്പെട്ട ഹെര്‍2+ (ഒഋഞ2+) ചികിത്സയ്ക്കായി ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ ഏറ്റവും ഫലവത്തായ മരുന്നാണ് ട്രാസ്റ്റുസുമാബ്. ഈ മരുന്ന് ശസ്ത്രക്രിയക്കുശേഷം കീമോതെറാപ്പിയുടെ ഭാഗമായി നല്‍കിയാല്‍ രോഗം കൂടുതല്‍ മൂര്‍ച്ഛിക്കാതെ സുഖകരമായി ജീവിക്കാന്‍ രോഗബാധിതര്‍ക്ക് കഴിയും. ഇന്ത്യയില്‍ അതിവേഗം വര്‍ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. വര്‍ഷം ഒരുലക്ഷം പേര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നതായി കണക്കാക്കപ്പെടുന്നു. കേരളത്തില്‍ ഇന്ത്യന്‍ ശരാശരിയേക്കാള്‍ കൂടുതലായാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. മാസത്തിലൊരു കുത്തിവയ്പ് വീതം വര്‍ഷം 12 തവണകളായാണ് ഹെര്‍സെപ്റ്റിന്‍ നല്‍കേണ്ടത്. ഹെര്‍സെപ്റ്റിന്‍ ഒരു കുത്തിവയ്പിനുള്ള വയലിന് 1,10,000 രൂപയാണ് വില. അതായത് ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 13,20,000 രൂപ വേണ്ടിവരും. പിന്നീടവര്‍ വില 92,000 ആയി കുറച്ചു (മൊത്തം ചികിത്സാച്ചെലവ് അപ്പോഴും 11,04,000 രൂപ). ലക്ഷാധിപതികള്‍ക്കുമാത്രം താങ്ങാന്‍ കഴിയുന്ന ഹെര്‍സെപ്റ്റിന്‍ അമിതവില കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ കമ്പനിയായ എം ക്യൂര്‍ ഫാര്‍മയുമായി 2012 ആഗസ്തില്‍ റോഷ് വാണിജ്യകരാറിലേര്‍പ്പെട്ടു. തുടര്‍ന്ന് എം ക്യൂര്‍ ഫാര്‍മ അവരുടെ ബ്രാന്‍ഡ് മരുന്ന് ഹെര്‍ക്ലോണ്‍ എന്ന പേരില്‍ ഒരു വയലിന് 72,000 രൂപയ്ക്ക് മാര്‍ക്കറ്റ് ചെയ്യാനാരംഭിച്ചു. അപ്പോഴും ഒരു വര്‍ഷത്തെ ചികിത്സയ്ക്ക് 8,64,000 രൂപ ചെലവിടേണ്ടിവരും. ട്രാസ്റ്റുസുമാബ് ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ നിര്‍ബന്ധിത ലൈസന്‍സിങ് പ്രയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ പലതും വിദേശകമ്പനികള്‍ ഏറ്റെടുത്ത് തുടങ്ങിയ സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിങ്ങിനായി പേറ്റന്റ് കണ്‍ട്രോളര്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍നിന്ന് അപേക്ഷകള്‍ ലഭിക്കാനുള്ള സാധ്യത കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ മുന്‍കൈയെടുക്കേണ്ടതാണ്. നിര്‍ബന്ധിത ലൈസന്‍സിങ് സാധ്യത പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ ജനതയെ ബാധിക്കുന്ന ക്യാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ ഗവേഷണംചെയ്ത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ആരംഭിക്കണം. - See more at: http://www.deshabhimani.com/newscontent.php?id=455236#sthash.LMJKgQbW.dpuf

No comments:

Post a Comment